
ന്യൂഡൽഹി: ബിജെപി പ്രവർത്തന ഫണ്ടിലേക്ക് ഉദാരമായി സംഭാവന നൽകണമെന്ന് അപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫണ്ടിലേക്കായി താൻ 1000 രൂപ നൽകി. എല്ലാ ബിജെപി പ്രവർത്തകരും ചെറിയ സംഭാവന നൽകണം. പ്രവർത്തന ഫണ്ടിനെ ആദായ നികുതിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കിയെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.
ബിജെപി അദ്ധ്യക്ഷൻ ജെ പി നദ്ദയും പ്രവർത്തന ഫണ്ടിലേക്ക് സംഭാവന നൽകണമെന്ന് അപേക്ഷിച്ചു. എന്റെ സംഭാവന എന്ന നിലയിൽ 1000 രൂപ ഫണ്ടിലേക്കായി നൽകിയിട്ടുണ്ട്. ബിജെപിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് ഫണ്ട് ശേഖരണം. പ്രവർത്തകർ ഓരോരുത്തരും സംഭാവന നൽകുന്നതിനൊപ്പം നിങ്ങളുടെ കുടുംബാംഗങ്ങളെയും സുഹൃത്തുകളെയും ഈ പരിപാടിയുടെ ഭാഗമാക്കി മാറ്റണം. നിസ്വാർത്ഥമായി ജനങ്ങളെ സേവിക്കുകയാണ് ബിജെപിയുടെ പ്രധാന ആദർശമെന്നും അദ്ദേഹം പറഞ്ഞു.
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ്‌യുടെ ജന്മദിനവുമായി ബന്ധപ്പെട്ട് ബിജെപി നടത്തുന്ന പരിപാടികളുടെ ഭാഗമാണ് പ്രവർത്തന ഫണ്ട് ശേഖരണം. 5 രൂപ മുതൽ 1000 രൂപവരെയാണ് ഓരോ പ്രവർത്തകരിൽ നിന്ന് സംഭാവനയായി വാങ്ങുന്നത്. ഫെബ്രുവരി 22 വരെയാണ് ഫണ്ട് ശേഖരണം നടക്കുക.