
ശബരിമല: കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവിനെ തുടർന്ന് ശബരിമലയിലെ വരുമാനം 78.92 കോടിയായി ഉയർന്നു. കഴിഞ്ഞ മണ്ഡലകാലത്ത് വരുമാനം 8.39 കോടിയായിരുന്നു.
ഈ മണ്ഡലകാലത്ത് ആകെ ദർശനം നടത്തിയത് 10.35 ലക്ഷം ഭക്തരാണ്. കൊവിഡ് നിയന്ത്രണങ്ങളിൽ ഘട്ടം ഘട്ടമായി വരുത്തിയ ഇളവുകളാണ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഭക്തരുടെ എണ്ണത്തിലുണ്ടായ വർദ്ധനവിന് കാരണം. ഇത് ശബരിമലയിൽ വരുമാനം വർദ്ധിക്കാനും കാരണമായി. അരവണ വിൽപ്പനയിലൂടെ 31.25 കോടി, കാണിക്ക ഇനത്തിൽ 29.30 കോടി, അപ്പം വിൽപ്പനയിലൂടെ 3.52 കോടി രൂപയും ഈ മണ്ഡലകാലത്ത് ലഭിച്ചു. കാണിക്കയായി ലഭിച്ച പണം എണ്ണാനുണ്ട്.
മകരവിളക്ക് തീർഥാടനത്തിനായി ഈ മാസം 30 ന് ശബരിമല നട തുറക്കും. എന്നാൽ അന്നേ ദിവസം തീർഥാടകർക്ക് പ്രവേശനമില്ല. 31 മുതൽ ജനുവരി 19 വരെ ദർശനം നടത്താം. ജനുവരി 12ന് തിരുവാഭരണ ഘോഷയാത്ര പന്തളത്തുനിന്ന് പുറപ്പെടും. 14ന് വൈകിട്ട് സന്നിധാനത്തെത്തും. മകരസംക്രമ പൂജയും മകരജ്യോതി ദർശനവും 14ന് വൈകിട്ട് 6.30ന് നടക്കും.