kk

ലോകജനസംഖ്യയിൽ ഇന്ത്യയ്ക്ക് തൊട്ടുമുൻപിൽ ഒന്നാം സ്ഥാനത്താണ് ചൈന. എന്നാൽ ഇപ്പോൾ ചൈനയിലെ പുതിയ തീരുമാനമാണ് ലോകത്തെ അദ്ഭുതപ്പെടുത്തുന്നത്. 140 കോടിയാണ് നിലവിൽ ചൈനയിലെ ജനസംഖ്യ. എന്നാൽ ചൈനയിലെ ജനസംഖ്യ കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുകയാമ് എന്നാണ് റിപ്പോർട്ട്. ജനസംഖ്യ വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളും അവിടത്തെ പ്രവിശ്യാ ഭരണകൂടങ്ങൾ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.

ചൈനയില്‍ വയോധികരുടെ എണ്ണം വര്‍ദ്ധിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടയാണ് കുട്ടികളുടെ എണ്ണം വര്‍ദ്ധി പ്പിക്കുന്നതിനുള്ള നടപടികൾ സര്‍ക്കാര്‍ തലത്തില്‍ തന്നെ നടക്കുന്നത്. വടക്കുകിഴക്കൻ ചൈനയിലെ ജിലിൻ പ്രവിശ്യയാണ് ഏറ്റവുമൊടുവിൽ ജനസംഖ്യാ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പുതിയ ജനപ്രിയ പ്രഖ്യാപനങ്ങളുമായി രംഗത്തെത്തിയത്. വിവാഹം കഴിച്ച് കുട്ടികളുണ്ടാക്കുന്നവർക്ക് രണ്ടു ലക്ഷം യുവാൻ (ഏകദേശം 25 ലക്ഷം രൂപ) ലോൺ നൽകാനായി ബാങ്കുകൾക്ക് സാമ്പത്തിക സഹായം നൽകുമെന്നാണ് ജിലിൻ പ്രവിശ്യാ ഭരണകൂടം അറിയിച്ചിരിക്കുന്നത്.

'മാര്യേജ് ആൻഡ് ബർത്ത് കൺസ്യൂമർ ലോൺസ്' എന്ന പേരിലുള്ള പുതിയ പദ്ധതിയിൽ കുട്ടികളുടെ എണ്ണത്തിനനുസരിച്ച് പലിശനിരക്കിലും ഇളവുണ്ടാകും. രണ്ടോ മൂന്നോ കുട്ടികളുള്ള ദമ്പതികള്‍ക്ക് ചെറിയ ബിസിനസുകള്‍ ആരംഭിക്കുകയാണെങ്കില്‍ നികുതിയിളവ് ലഭിക്കുമെന്ന് രേഖയില്‍ പറയുന്നു. എന്നാല്‍ പദ്ധതി രേഖയില്‍ സര്‍ക്കാര്‍ ഏത് രീതിയില്‍ പിന്തുണ വാഗ്ദാനം ചെയ്യും എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമല്ല. ദമ്പതികളുടെ കുട്ടികളുടെ എണ്ണത്തിനനുസരിച്ച് വായ്പകളുടെ പലിശ നിരക്കുകള്‍ ഉള്‍പ്പെടെ വ്യത്യാസപ്പെടുത്തുന്നതും ഈ നിര്‍ദ്ദേശത്തില്‍ ഉള്‍പ്പെടുന്നു. സാമ്പത്തിക സഹായത്തിന് പുറമെ മറ്റ് പ്രവിശ്യകളില്‍ നിന്നുള്ള കുട്ടികളുള്ള ദമ്പതികള്‍ക്ക് റസിഡന്‍സ് പെര്‍മിറ്റ് അനുവദിക്കുക, ജിലിനിലെ പൊതു സേവനങ്ങള്‍ ഉപയോഗിക്കാന്‍ അവസരം നല്‍കുന്നതും വ്യവസ്ഥചെയ്യുന്നു. പ്രസവാവധിയും പിതൃത്വ അവധിയും ജിലിൻ ഭരണകൂടം നീട്ടിയിട്ടുണ്ട്. നേരത്തെ 158 ദിവസമായിരുന്നു പ്രസവാവധി. ഇത് 180 ആക്കി നീട്ടിയിട്ടുണ്ട്. പിതൃത്വ അവധി 15ൽനിന്ന് 25 ആക്കിയും ഉയർത്തിയിട്ടുണ്ട്. ഇതോടൊപ്പം കുട്ടികൾക്ക് മൂന്നു വയസാകുംവരെ ഒാരോ വർഷവും 20 ദിവിസം മാതൃത്വ-പിതൃത്വ അവധിയും ലഭിക്കും.