
കൊച്ചി: കിഴക്കമ്പലത്ത് കിറ്റെക്‌സ് ഗ്രൂപ്പിലെ അന്യസംസ്ഥാന തൊഴിലാളികൾ തകർത്തത് മൂന്ന് പൊലീസ് ജീപ്പുകൾ. ഇതിൽ ഒരെണ്ണം പൂർണമായും തീയിട്ട് നശിപ്പിച്ചു. ആക്രമണത്തിൽ കുന്നത്തുനാട് സി ഐ ഷാജനടക്കം അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേറ്റു. സിഐയുടെ തലക്കാണ് പരിക്കേറ്റത്.
പരിക്കേറ്റ പൊലീസുകാരെ നാട്ടുകാരാണ് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഞ്ഞൂറോളം അന്യസംസ്ഥാന തൊഴിലാളികളാണ് അക്രമം നടത്തിയത്. മദ്യലഹരിയിലായിരുന്നു ആക്രമണം. ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു സംഭവം.

ക്രിസ്മസ് ആഘോഷത്തിനിടെ തൊഴിലാളികൾ തമ്മിൽ തർക്കമുണ്ടാകുകയും, ഇത് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് പൊലീസ് സംഘം സ്ഥലത്തെത്തിയതോടെ തമ്മിലടിച്ച തൊഴിലാളികൾ, അവർക്ക് നേരെ തിരിഞ്ഞു. സ്ഥലത്ത് കല്ലേറുണ്ടായി. ഇതിനിടയിലാണ് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റത്.
ഇതോടെ കൂടുതൽ പൊലീസ് സംഘം സ്ഥലത്തെത്തി തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. നിലവിൽ സ്ഥിതി നിയന്ത്രണാവിധേയമാണ്.പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആലുവ റൂറൽ എസ് പി കെ കാർത്തിക് പറഞ്ഞു.