myanmar

യാങ്കൂൺ: മ്യാൻമറിലെ കയായിൽ സ്ത്രീകളും കുട്ടികളുമടക്കം മുപ്പത് പേരെ സൈന്യം വെടിവച്ചുകൊല്ലുകയും മൃതദേഹങ്ങൾ കത്തിക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ. പ്രൂസോ നഗരത്തിന് സമീപമുള്ള മോ സോ ഗ്രാമത്തിൽ പട്ടാളത്തിന്റെ ആക്രമണത്തിൽ കൊലപ്പെട്ടവരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കണ്ടെത്തിയതായി കരേന്നി മനുഷ്യാവകാശ സംഘടന അറിയിച്ചു. മനുഷ്യാവകാശങ്ങൾ ലംഘിക്കുന്ന ക്രൂരവും മനുഷ്യത്വരഹിതവുമായ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നതായും സംഘടന വ്യക്തമാക്കി.

ഗ്രാമത്തിലെ പ്രതിപക്ഷ സായുധ സേനയിൽ നിന്നുമെത്തിയ ആയുധമേന്തിയ തീവ്രവാദികളെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സംഭവത്തിൽ രാജ്യം ഭരിക്കുന്ന പട്ടാളം പ്രതികരിച്ചതെന്ന് മ്യാൻമറിലെ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏഴ് വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ഇവർ പട്ടാളം ആവശ്യപ്പെട്ടപ്പോൾ വാഹനം നിറുത്തിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, കൊല്ലപ്പെട്ടവർ തങ്ങളുടെ അംഗങ്ങൾ അല്ലെന്നും സംഘർഷത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച സാധാരണ പൗരൻമാരായിരുന്നുവെന്നും പട്ടാളഭരണത്തെ എതിർക്കുന്ന പൗരസേനകളിൽ ഒന്നായ കരേന്നി നാഷണൽ ഡിഫൻസ് ഫോഴ്സ് അറിയിച്ചു.

രാജ്യത്തെ മറ്റ് പ്രദേശങ്ങളിലും സൈന്യത്തിനെതിരെ പോരാട്ടങ്ങൾ തുടരുകയാണ്. തായ് അതിർത്തിയ്ക്ക് സമീപം പട്ടാളവും വിമതസംഘങ്ങളുമായി തുടരുന്ന ഏറ്റുമുട്ടലിലെ ഗ്രനേഡ് ആക്രമണത്തിൽ ഒരു വീട് തകർന്നു. എന്നാൽ ആളപായമില്ലെന്ന് തായ് അധികൃതർ അറിയിച്ചു. അതിർത്തിക്കടുത്ത് കാരെൻ നാഷണൽ യൂണിയന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് മ്യാൻമർ സൈന്യം നടത്തിയ വ്യോമാക്രമണത്തെ തുടന്ന് ആയിരത്തോളം പേർ തായ്‌ലൻഡിലേയ്ക്ക് പാലായനം ചെയ്തിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഓങ് സാങ് സൂചി നയിച്ച സർക്കാരിനെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ചെടുത്തത്. കഴിഞ്ഞ നവംബറിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ചായിരുന്നു അട്ടിമറി. എന്നാൽ ആരോപണം മ്യാൻമർ തിരഞ്ഞെടുപ്പ് കമ്മീഷൻ നിഷേധിച്ചിരുന്നു. പിന്നാലെയുണ്ടായ പ്രതിഷേധങ്ങളിൽ ആയിരത്തോളം പേരാണ് കൊല്ലപ്പെട്ടത്.