
പാലക്കാട്: എലപ്പുള്ളിയിലെ ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ വധവുമായി ബന്ധപ്പെട്ട് പിടിയിലായ ഷാജഹാന്റെ മൊഴി പുറത്ത്. ഗോവിന്ദാപുരത്തെ ആലയിൽ നിന്ന് താൻ സഞ്ജിത്തിനെ കൊലപ്പെടുത്താനുള്ള വാൾ പണിതീർത്ത് വാങ്ങിയെന്നാണ് ഇയാളുടെ മൊഴി. ഷാജഹാനെ വിവിധ ഇടങ്ങളിലെത്തിച്ച് പൊലീസ് തെളിവ് ശേഖരിച്ചിരുന്നു.
കഴിഞ്ഞ ദിവസം കേസിൽ അറസ്റ്റിലായ മുതലമട സ്വദേശി ഷാജഹാനാണ് ഗോവിന്ദാപുരത്തെ ആലയിൽ ഇരുമ്പെത്തിച്ച് വാൾ പണിത് വാങ്ങിയത്. ഈ ആയുധം ഉപയോഗിച്ചാണ് കൊല നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. കാട് വെട്ടിത്തെളിക്കാൻ വാൾ വേണമെന്നാണ് ഷാജഹാൻ ആലയിൽ അറിയിച്ചത്. പണം പ്രശ്നമല്ലെന്നും വേഗം പണിതീർത്തു നൽകണമെന്നും പറഞ്ഞു. നിശ്ചിത സമയത്തിനുള്ളിൽ പണിതീർത്തെന്ന് അറിയിച്ചതിന് പിന്നാലെ ആലയിലെത്തി അധികപണം നൽകിയ ശേഷം ഇയാൾ വാൾ വാങ്ങികൊണ്ട് പോയെന്ന് ആല ഉടമ പൊന്നുച്ചാമി പൊലീസിന് മൊഴി നൽകി.
സഞ്ജിത്ത് വധത്തിൽ നേരിട്ട് പങ്കെടുത്ത മൂന്നു പേരെയും സഹായിച്ച ഒരാളെയും കണ്ടെത്താൻ കഴിഞ്ഞ ദിവസം പൊലീസ് ലുക്കൗട്ട് നോട്ടീസിറക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ച് പേർ അറസ്റ്റിലായി.