vattiyoorkavu

തിരുവനന്തപുരം: തലസ്ഥാനത്ത് ഭീതി പരത്തി ഗുണ്ടാ വിളയാട്ടം തുടരുന്നു. വട്ടിയൂർക്കാവിന് സമീപം കാച്ചാണി സ്‌കൂൾ ജംഗ്ഷനിൽ കഴിഞ്ഞ ദിവസം രാത്രി ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. പരസ്‌പരം സ്ഫോടക വസ്തുക്കൾ എറിഞ്ഞ് ഭീകരാന്തരീക്ഷം സ‌ൃഷ്ടിക്കുകയും ചെയ്തു. ആക്രമണത്തിൽ രണ്ട് പേർക്ക് കുത്തേറ്റു. ബൈക്കിലെത്തിയ ഇരു സംഘങ്ങളും സ്‌കൂൾ ജംഗ്ഷനിലെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു.

കുത്തേറ്റവരെ ഗുണ്ടാ സംഘങ്ങൾ തന്നെ കൊണ്ടുപോയി. അരുവിക്കര പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും അക്രമികളെ തിരിച്ചറിയാനായില്ല. തിരുവനന്തപുരം റൂറൽ എസ് പി രാജേന്ദ്രപ്രസാദ് അടക്കമുള്ള ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ചു.

അക്രമികൾ ലഹരി ഉപയോഗിച്ചിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ കുറച്ചുനാളുകളിലായി തലസ്ഥാന നഗരിയിൽ ഗുണ്ടാ ആക്രമണങ്ങൾ തുടർക്കഥയാവുകയാണ്. പൊലീസ് കാര്യക്ഷമമായി ഇടപെടാത്തതാണ് അക്രമങ്ങൾ വർദ്ധിക്കാൻ ഇടയാക്കുന്നതെന്ന് ജനങ്ങൾ ആരോപിക്കുന്നു.