pm

ന്യൂഡൽഹി: കുനൂർ ഹെലികോപ്ടർ അപകടത്തിൽ മരണപ്പെട്ട ക്യാപ്റ്റന്‍ വരുണ്‍ സിംഗിനെ മന്‍ കി ബാത്തില്‍ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്യാപ്റ്റന്‍ വരുണ്‍ സിംഗ് ഉയരങ്ങളില്‍ എത്തിയിട്ടും തന്റെ വേരുകള്‍ മറക്കാത്ത വ്യക്തിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശൗര്യ ചക്ര സ്വീകരിച്ച ശേഷം വരുണ്‍ സിംഗ് തന്റെ സ്‌കൂള്‍ പ്രിന്‍സിപ്പലിന് അയച്ച കത്ത് വായിച്ചു കേൾപ്പിച്ചതിന് ശേഷമാണ് അദ്ദേഹം ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്.

ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് ആശുപത്രിയില്‍ ആയിരുന്നപ്പോള്‍ തന്റെ ഹൃദയത്തെ സ്പര്‍ശിക്കുന്ന ഒരു കാര്യം സാമൂഹിക മാദ്ധ്യമങ്ങളിൽ കണ്ടു. ശൗര്യ ചക്ര ലഭിച്ചതിന് പിന്നാലെ അദ്ദേഹം തന്റെ സ്‌കൂള്‍ പ്രിന്‍സിപ്പലിന് എഴുതിയ ഒരു കത്തായിരുന്നു അത്. വിജയത്തിന്റെ നെറുകയില്‍ എത്തിയിട്ടും തന്റെ വേരുകള്‍ അദ്ദേഹം മറന്നില്ല എന്നത് തന്റെ മനസിനെ ഏറെ സ്പർശിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.

ചീഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്തിനൊപ്പം സഞ്ചരിക്കവെ ഡിസംബര്‍ എട്ടിനാണ് തമിഴ്‌നാട്ടിലെ കുനൂരില്‍വച്ച് ഹെലികോപ്ടർ അപകടമുണ്ടായത്. കത്തിയെരിഞ്ഞ എംഐ-17 ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്ത ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് ദിവസങ്ങള്‍ക്ക് ശേഷം മരണപ്പെടുകയായിരുന്നു.