
ഛത്തർപൂർ: കാടിനോട് ചേർന്ന് ജീവിക്കുന്നവരുടെ പ്രധാന വെല്ലുവിളിയാണ് വന്യജീവി ആക്രമണം. മനുഷ്യർ മാത്രമല്ല വളർത്തുമൃഗങ്ങളും ഇത്തരം പ്രദേശങ്ങളിൽ നിരന്തരമായി ആക്രമിക്കപ്പെടുന്നു. ഇതിന് പ്രതിവിധിയായി അധികൃതരുടെ ഭാഗത്തുനിന്നും കാര്യമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്. അടുത്തിടെ ഇത്തരത്തിൽ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമത്തിൽ ഇപ്പോൾ ഭീതി പരത്തുന്നത്.
മദ്ധ്യപ്രദേശിലെ ഛത്തർപൂരിൽ ആണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. വീടിന്റെ മതിൽക്കെട്ടിൽ നിന്ന വളർത്തുനായയെ മതിൽ ചാടിക്കടന്നെത്തിയ പുള്ളിപ്പുലി കടിച്ചെടുത്തു കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. രാത്രിയിൽ തെരുവുനായ്ക്കളുടെ കുര കേട്ട് വളർത്തുനായ ഗേറ്റിന് സമീപത്തേയ്ക്ക് എത്തുകയായിരുന്നു. ഗേറ്റിന് പുറത്തേയ്ക്ക് നോക്കിയ നായ ഭയന്ന് പുറകോട്ട് മാറുന്നത് ദൃശ്യങ്ങളിൽ കാണാം. പിന്നാലെ പുള്ളിപ്പുലി മതിൽ ചാടിക്കടന്ന് മുറ്റത്തേയ്ക്ക് എത്തി. നിമിഷങ്ങൾക്കകം തന്നെ നായയെ കടിച്ചെടുത്ത് മതിലിനു പുറത്തേയ്ക്ക് ചാടി ഇരുട്ടിൽ മറയുകയും ചെയ്തു.
See that leopard. Others don’t stand a chance. Via WA. pic.twitter.com/Ha3X9eBwWl
— Parveen Kaswan, IFS (@ParveenKaswan) December 24, 2021
ഐ എഫ് എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാനാണ് നടുക്കുന്ന ദൃശ്യം ട്വിറ്ററിൽ പങ്കുവച്ചത്. ഇതോടൊപ്പം ഇരുമ്പിന്റെ മുള്ളുകളുള്ള കോളർ അണിഞ്ഞ നായയുടെ ചിത്രവും പർവീൺ കസ്വാൻ പങ്കുവച്ചിരുന്നു. വന്യജീവികളിറങ്ങുന്ന പ്രദേശങ്ങളിൽ വളർത്തുനായ്ക്കളുടെ സുരക്ഷയ്ക്കായാണ് ഉടമകൾ ഇത്തരം കോളറുകൾ അണിയിക്കുന്നത്.