sudhakaran-tharoor

കണ്ണൂർ: കെ റെയിൽ വിഷയത്തിൽ പാർട്ടി നിലപാടിനെതിരെ പരസ്യമായി അഭിപ്രായ പ്രകടനം നടത്തിയ ശശി തരൂർ എംപിക്ക് ശക്തമായ താക്കീതുമായി കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ രംഗത്തെത്തി. പാർട്ടി നിലപാട് അംഗീകരിച്ചില്ലെങ്കിൽ പുറത്തുപോകേണ്ടി വരുമെന്നും, ഇക്കാര്യത്തിൽ പാർട്ടിക്ക് കർശന നിലപാടുണ്ടെന്നും സുധാകരൻ മുന്നറിയിപ്പ് നൽകി.തരൂർ കോൺഗ്രസിലെ വെറുമൊരു എംപി മാത്രമാണെന്നും വിഷയത്തിൽ വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ പാര്‍ട്ടിയുടെ എല്ലാ എം പിമാരും അത് അംഗീകരിക്കണം. ശശി തരൂരിന് മറ്റെന്തെങ്കിലും അജണ്ടയുണ്ടെന്നോ പാര്‍ട്ടിയില്‍ നിന്ന് അകന്നുവെന്നോ അഭിപ്രായമില്ല. പി ടി തോമസിനെ പാര്‍ട്ടി ഒരിക്കലും തഴഞ്ഞിട്ടില്ല. വിജയസാദ്ധ്യത കുറവായതിനാലാണ് ഇടുക്കി സീറ്റ് നല്‍കാതിരുന്നത്. സാമുദായിക സംഘടനകളെ പരിഗണിക്കാതെ ഇക്കാലത്ത് ഒരു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മുന്നോട്ട് പോകാനാകില്ല'- സുധാകരൻ പറഞ്ഞു. അതേസമയം, കെ റെയിലിൽ ശശി തരൂർ പാർട്ടി നിലപാടിനൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷയെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി.

കെ റെയിലിനെതിരെ യു ഡി എഫ് എം പിമാർ കേന്ദ്ര റെയിൽവേ മന്ത്രിക്ക് അയച്ച കത്തിൽ തരൂർ ഒപ്പുവക്കാതിരുന്നത്​ വിവാദമായിരുന്നു. വിഷയത്തെക്കുറിച്ച് പഠിക്കാതെ ഒപ്പിടില്ലെന്നായിരുന്നു തരൂർ പറഞ്ഞത്. ലുലുമാൾ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയനെ തരൂർ പുകഴ്ത്തിയും പാർട്ടിക്ക് തലവേദനയായിരുന്നു.