
വ്യത്യസ്ത സ്റ്റൈലുകൾ നിരന്തരം പരീക്ഷിക്കുന്നവരാണ് സിനിമാ സീരിയൽ സെലിബ്രിറ്റികൾ. ആരുമൊന്ന് നോക്കിപ്പോകുന്ന ഔട്ട്ഫിറ്റുകളും അതിനൊത്ത ആക്സസറികളും അണിയുന്നതിൽ ആൺപെൺ വ്യത്യാസവും തീരെയില്ല. ബോൾഡ് ഔട്ട്‌ഫിറ്റുകൾ തിരഞ്ഞെടുത്ത് ട്രോളുകളും വിമർശനങ്ങളും ഏറ്റുവാങ്ങുന്നവരും കുറവല്ല. എന്നാലിത് പലപ്പോളും അതിരുവിടുന്ന സാഹചര്യവും ഉണ്ടാകാറുണ്ട്. വസ്ത്രധാരണത്തിന്റെ പേരിൽ നിരന്തരം കടുത്ത ട്രോളുകൾ ഏറ്റുവാങ്ങുന്ന നടിയാണ് ഉർഫി ജാവേദ്. ഇത്തരം പ്രവണതകളുടെ പേരിൽ താൻ അഭിമുഖീകരിക്കുന്ന കയ്പ്പേറിയ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് താരം. എന്നാൽ ഇത്തരം വിമർശനങ്ങൾക്കെതിരെ ഉർഫി നിരവധി തവണ രംഗത്തു വരികയും ചെയ്തിരുന്നു.
വസ്ത്രധാരണത്തിന്റെ പേരിൽ ട്രോളുകൾ മാത്രമല്ല മറ്റ് പല പ്രശ്നങ്ങളും താൻ നേരിടുന്നുണ്ടെന്ന് താരം വെളിപ്പെടുത്തി. പരിഹാസങ്ങളുടെ പേരിൽ ഡിസൈനർ പോലും തന്നെ മാറ്റിനിർത്തുന്നുണ്ടെന്നാണ് താരം പങ്കുവയ്ക്കുന്നത്. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ജീവിതത്തിൽ ഏറെ തിരസ്ക്കരണങ്ങൾ നേരിട്ടിട്ടുണ്ട്. ഇപ്പോഴും തുടരുന്നു. മുംബയിൽ ആദ്യമായി എത്തിയപ്പോൾ തനിക്ക് ധാരാളം അവസരങ്ങൾ ലഭിക്കുമെന്നാണ് കരുതിയത്. എന്നാൽ വേണ്ടത്ര വർക്കുകൾ ലഭിച്ചില്ല. ചെറിയ വേഷങ്ങൾ മാത്രമാണ് ലഭിച്ചത്. പണത്തിനു വേണ്ടി അത് ചെയ്യേണ്ടി വന്നു. തന്റെ വസ്ത്രങ്ങൾ ഏറെ ട്രോൾ ചെയ്യപ്പെടുന്നതിനാൽ ഡിസൈനർമാർ പോലും തന്നോടൊപ്പം പ്രവർത്തിക്കാൻ മടിക്കുന്നു. താനവരുടെ ബ്രാൻഡിന് ചേർന്നയാളല്ലെന്നാണ് അവർ പറയുന്നതെന്നും ഉർഫി ജാവേദ് പറഞ്ഞു.
ഇത്രയും പ്രശസ്തി നേടിയിട്ടും ആളുകൾക്ക് തന്നെ സ്വീകരിക്കാൻ മടിയാണെന്നും ഉർഫി പറയുന്നു. ട്രോളുകൾ തന്നെ ബാധിക്കാറില്ലെന്നും താരം കൂട്ടിച്ചേർത്തു. തന്റെ വസ്ത്രധാരണത്തെ കടുത്ത രീതിയിൽ വിമർശിച്ചവർക്ക് കുറിക്കുക്കൊള്ളുന്ന മറുപടിയുമായി അടുത്തിടെ താരം രംഗത്തെത്തിരുന്നു. മൈൻഡ് യുവർ ഓൺ ബിസിനസ് എന്നെഴുതിയ ജാക്കറ്റ് ധരിച്ചാണ് താരം പ്രത്യക്ഷപ്പെട്ടത്.