
ന്യൂഡൽഹി: ഒമിക്രോൺ അതിവേഗം പടരുന്ന സാഹചര്യത്തിൽ ബൂസ്റ്റർ ഡോസ് നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കൊവിഡ് മുന്നണി പോരാളികള്‍ക്കും ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ള 60 വയസ് പിന്നിട്ടവര്‍ക്കും ബൂസ്റ്റർ ഡോസ് ജനുവരി പത്ത് മുതൽ നൽകി തുടങ്ങുമെന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. എന്നാൽ രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച് ഒൻപത് മുതൽ പന്ത്രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ബൂസ്റ്റർ ഡോസ് എടുക്കേണ്ടതെന്ന നിർദേശം നൽകാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ എന്നാണ് റിപ്പോർട്ടുകൾ.
രാജ്യത്ത് ലഭ്യമായ കൊവിഡ് വാക്സിനുകളായ കൊവിഷീൽഡ്, കൊവാക്സിൻ എന്നിവയുടെ ഇടവേളകൾ പരിശോധിച്ചുവരികയാണ്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് സർക്കാർ കേന്ദ്രങ്ങൾ അറിയിച്ചു. സർക്കാർ കണക്കുകൾ പ്രകാരം ബൂസ്റ്റർ ഡോസിന് അർഹരായ ഭൂരിപക്ഷം പേരും രണ്ടാം ഡോസ് സ്വീകരിച്ച് ഇതിനോടകം ഒൻപത് മാസങ്ങൾ പിന്നിട്ടു കഴിഞ്ഞു.
ജനുവരി തൊട്ട് 15 മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്ക് കൊവിഡ് വാക്സിൻ നൽകി തുടങ്ങുമെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു. നിലവിൽ രാജ്യത്തെ 61 ശതമാനം മുതിർന്ന പൗരൻമാർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്. 90 ശതമാനം പേർ ഒരു ഡോസ് വാക്സിനും സ്വീകരിച്ചു കഴിഞ്ഞു.
ഒമിക്രോൺ വ്യാപനം രാജ്യത്ത് വർദ്ധിക്കുകയാണ്. ഇന്ത്യയില്‍ 422 പേര്‍ക്കാണ് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. ഇവിടെ 108 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. തൊട്ടുപിന്നിലുള്ള ഡല്‍ഹിയില്‍ 79 ആണ് രോഗികളുടെ എണ്ണം. കേരളത്തില്‍ 38 പേരാണ് രോഗബാധിതരായത്. എന്നാൽ ഒമിക്രോൺ കേസുകൾ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ടെന്നും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയാൽ മതിയെന്നുമാണ് പ്രധാനമന്ത്രി പ്രതികരിച്ചത്. ജനുവരിയോടെ ഒമിക്രോൺ കേസുകൾ വലിയ തോതിൽ വർദ്ധിക്കുമെന്ന് ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.