
പാറ്റ്‌ന: ബീഹാറിലെ മുസാഫർപൂർ ജില്ലയിൽ നൂഡിൽസ് നിർമാണ ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ച് അഞ്ച് പേർ മരിച്ചു. നിരവധി പേർക്ക് ഗുരുതര പരിക്കേറ്റു. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് സൂചന. അപകടത്തെ തുടർന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് സ്ഫോടനമുണ്ടായത്. അഞ്ച് കീലോമീറ്റർ അപ്പുറത്തോളം പൊട്ടിത്തെറിയുടെ ശബ്ദം കേട്ടുവെന്ന് നാട്ടുകാർ പറഞ്ഞു. ബേല വ്യവസായ മേഖലയിലുണ്ടായ സ്ഫോടനത്തിൽ സമീപത്തുണ്ടായിരുന്ന മിൽ തകരുകയും അകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സ്ഫോടനത്തിൽ പരിക്കേറ്റ അഞ്ച് പേരെ ശ്രീകൃഷ്ണാ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് ജില്ലാ മജിസ്ട്രേറ്റ് പ്രണവ് കുമാർ പറഞ്ഞു.