harbhajan

പട്യാല : ക്രിക്കറ്റിൽനിന്നു വിരമിച്ചതിനു പിന്നാലെ പല രാഷ്ട്രീയ കക്ഷികളിൽനിന്നും ക്ഷണം ലഭിച്ചെന്ന വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്. എന്നാൽ രാഷ്ട്രീയ പ്രവേശനത്തിൽ അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നും ഹർഭജൻ കൂട്ടിച്ചേർത്തു. നേരത്തേ പഞ്ചാബ് കോൺഗ്രസ് പ്രസിഡന്റ് നവ്ജ്യോത് സിന്ധുവിനൊപ്പം നിൽക്കുന്ന ഹർഭജന്റെ ചിത്രം പുറത്തുവന്നിരുന്നു. ഹർഭജനെയും യുവ്‌രാജ് സിംഗിനെയും അടുത്തവർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ ബി.ജെ.പിയും ശ്രമം നടത്തിയിരുന്നു.

103 ടെസ്റ്റിനും 236 ഏകദിനത്തിനും 28 ട്വന്റി20 മത്സരങ്ങൾക്കും ശേഷമാണു 41 കാരനായ ഹർഭജൻ കഴിഞ്ഞ ദിവസം ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിനോടും വിടവാങ്ങൽ പ്രഖ്യാപിച്ചത്.

ഭാവി കാര്യങ്ങളെപ്പറ്റി കൂടുതൽ ചിന്തിച്ചിട്ടില്ല. ക്രിക്കറ്റിലൂടെയാണ് എന്ന ആളുകൾ അറിയുന്നത്. അതുകൊണ്ടു ക്രിക്കറ്റുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാനാണു താൽപര്യം. രാഷ്ട്രീയത്തിൽ ഇറങ്ങണോയെന്ന് ഇനിയും തീരുമാനിച്ചിട്ടില്ല. എന്തായാലും അക്കാര്യം എല്ലാവരെയും ഞാൻ തന്നെ അറിയിക്കുന്നതായിരിക്കും.

പല രാഷ്ട്രീയ കക്ഷികളിൽനിന്നും ക്ഷണം ലഭിച്ചിട്ടുണ്ട്. എന്നാൽ ഏറെ നേരം ആലോചിച്ചതിനു ശേഷമേ യുക്തിസഹമായ തീരുമാനം എടുക്കാൻ കഴിയൂ. ഏറെ പരിശ്രമം ആവശ്യമുള്ള ജോലിയാണു രാഷ്ട്രീയം. അർധ മനസ്സോടെ ഒരിക്കലും ചെയ്യാനാകില്ല. പൂർണ സജ്ജനാണെന്നു തോന്നിയാൽ മാത്രമേ രാഷ്ട്രീയത്തിൽ പ്രവേശിക്കൂ – ഹർഭജൻ പത്രസമ്മേളനത്തിൽ പറഞ്ഞു