
ബംഗളൂരു: ഒമിക്രോൺ രൂക്ഷമാകുന്ന സാഹചര്യത്തിൽ ജാഗ്രതയുടെ ഭാഗമായി പത്ത് ദിവസത്തെ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ച് കർണാടക സർക്കാർ. ഡിസംബർ 28 മുതൽ ജനുവരി എട്ട് വരെയാണ് നിയന്ത്രണം. ബംഗളൂരുവിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
ഒമിക്രോൺ കേസുകൾ വർദ്ധിക്കുകയും പുതിയ കൊവിഡ് ക്ളസ്റ്ററുകൾ രൂപ്പപെടുകയും ചെയ്തതിനെത്തുടർന്നാണ് കേന്ദ്ര സർക്കാരിന്റെ നിർദേശം മാനിച്ച് കർണാടക സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്. പുതുവർഷ പരിപാടികൾ ബംഗളൂരുവിൽ ഉൾപ്പടെ സംഘടിപ്പിക്കാനിരിക്കെയാണ് പുതിയ നിയന്ത്രണങ്ങൾ സർക്കാർ നടപ്പിലാക്കുന്നത്.
നിയന്ത്രണത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് കർണാടക ആരോഗ്യമന്ത്രി ഡോ.കെ സുധാകർ വ്യക്തമാക്കി. പബ്ബുകൾ, ബാറുകൾ, എന്നിവിടങ്ങളിൽ 50 ശതമാനം പേർക്ക് മാത്രമാണ് പ്രവേശനം. പത്തുമണിയ്ക്ക് പ്രവർത്തനം അവസാനിപ്പിക്കണം. സ്വകാര്യ പരിപാടികൾക്കും നിയന്ത്രണമുണ്ട്. നിലവിൽ 38 ഒമിക്രോൺ കേസുകളാണ് കർണാടകയിൽ സ്ഥിരീകരിച്ചത്.