
തിരുവനന്തപുരം:കെ എസ് ആർ ടി സി ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ - ക്യാൻസലേഷൻ നിരക്കുകളിൽ വൻ ഇളവുകൾ. ടിക്കറ്റ് റിസർവ് ചെയ്യുന്നതിന് നിലവിലെ ചാർജായ 30 രൂപയിൽ നിന്ന് 10 രൂപയായാണ് കുറച്ചിട്ടുള്ളത്. കൂടാതെ യാത്ര തുടങ്ങുന്നതിന് 72 മണിക്കൂർ മുമ്പ് വരെ ടിക്കറ്റ് സൗജന്യമായി റദ്ദാക്കാനും സാധിക്കും. എന്നാൽ ബസ് പുറപ്പെടുന്നതിന് രണ്ട് മണിക്കൂറിന് ശേഷമുള്ള ക്യാൻസലേഷൻ അനുവദിക്കുകയില്ല. ജനുവരി ഒന്ന് മുതലാണ് ഇളവുകൾ നടപ്പിലാക്കുക.
72 മണിക്കൂറിനും 48 മണിക്കൂറിനും ഇടയിൽ ക്യാൻസൽ ചെയ്താൽ അടിസ്ഥാന നിരക്കിന്റെ 10 ശതമാനവും 48 മണിക്കൂറിനും 24 മണിക്കൂറിനും ഇടയിൽ 25 ശതമാനം, 24 മണിക്കൂറിനും 12 മണിക്കൂറിനും ഇടയിൽ 40 ശതമാനം, 12 മണിക്കൂറിനും രണ്ട് മണിക്കൂറിനും ഇടയിൽ അടിസ്ഥാന നിരക്കിന്റെ 50 ശതമാനവും ക്യാൻസലേഷൻ നിരക്ക് നൽകിയാൽ മതി.
കെ എസ് ആർ ടി സിയുടെ ഫ്രാഞ്ചൈസികൾ വഴിയോ കൗണ്ടറുകൾ വഴിയോ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾ യാത്രക്കാരുടെ ആവശ്യാനുസരണം ഡേറ്റ് മാറ്റി നൽകും. എന്നാൽ ഇത് ചില നിബന്ധനകൾക്ക് വിധേയമായി മാത്രമേ ചെയ്യാൻ സാധിക്കൂ. ലിങ്ക് സംവിധാനത്തിലൂടെ ദീർഘദൂര യാത്രക്കാരന് നിലവിലുള്ള രണ്ട് ബസുകളിലായി ഷെഡ്യൂൾ ചെയ്യാനും സാധിക്കും. ഇതിനു പുറമേ നാലുപേരിൽ കൂടുതൽ ടിക്കറ്റ് ബുക്ക് ചെയ്താൽ ഒരാളിന്റെ റിസർവേഷൻ നിരക്ക് മാത്രമേ ഈടാക്കുകയുള്ളു. മടക്കയാത്ര ഉൾപ്പെടെ ഒരുമിച്ച് ബുക്ക് ചെയ്താൽ അടിസ്ഥാന നിരക്കിന്റെ 10 ശതമാനം ഇളവ് വേറെയും ലഭിക്കും.