ludhiana-blast

ഛണ്ഡീഗഡ്: ലുധിയാന കോടതിയിൽ നടന്ന സ്ഫോടനത്തിലെ പ്രതിയായ മുൻ പൊലീസ് കോൺസ്റ്റബിൾ ഗഗൻദീപ് സിംഗ് സ്ഫോടനം ആസൂത്രണം ചെയ്തത് ജഡ്ജിമാരേയും അഭിഭാഷകരേയും ഭയപ്പെടുത്താനും കൂടിയായിരുന്നുവെന്ന് റിപ്പോർട്ട്. സ്ഫോടനത്തിൽ ഗഗൻദീപ് കൊല്ലപ്പെട്ടിരുന്നു. മയക്കുമരുന്ന് കേസിൽ പ്രതിയായിരുന്നു ഗഗൻദീപ്. 2019ലാണ് ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. രണ്ട് വർഷത്തെ ജയിൽ ശിക്ഷയ്ക്ക് ശേഷം സെപ്തംബറിൽ ഇയാൾ മോചിതനായി. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാകാൻ ഇരിക്കുകയായിരുന്നു ഗഗൻദീപ്.ഇതിനിടെയാണ് സ്ഫോടനം നടത്തിയത്. ഗഗൻദീപിന്റെ രണ്ട് സുഹൃത്തുക്കളേയും സഹോദരനേയും പൊലീസ് ചോദ്യം ചെയ്തു. പ്രതിയുടെ വീട്ടിൽ നിന്ന് ലാപ്ടോപ് പിടിച്ചെടുത്തു.

അതേസമയം, സ്ഫോടനത്തിൽ പാകിസ്ഥാന് പങ്കുണ്ടോയന്ന് ഇപ്പോൾ പറയാനാകില്ലെന്നും എന്നാൽ സംശയമുണ്ടെന്നും ഡി.ജി.പി സിദ്ധാർത്ഥ് ചതോപാദ്ധ്യായ പറഞ്ഞു. പ്രതിയ്ക്ക് ഖാലിസ്ഥാൻ, ലഹരി മാഫിയ എന്നിവയുമായി ബന്ധമുണ്ടെന്നും വിദേശത്ത് നിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 ആസൂത്രണം ചെയ്തത് ജസ്‌വിന്ദർ സിംഗ് മുൾട്ടാനി?

ജർമ്മനി ആസ്ഥാനമായ ഖാലിസ്ഥാൻ ഭീകരൻ ജസ്‌വിന്ദർ സിംഗ് മുൾട്ടാനിക്ക് ലുധിയാനയിലെ സ്ഫോടനത്തിൽ നിർണായക പങ്കുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഇന്ത്യയിൽ ഭീകരാക്രമണം നടത്തുന്നതിനായി പാകിസ്ഥാനിലെ കള്ളക്കടത്തു സംഘത്തിന്റെ സഹായത്തോടെ ആയുധങ്ങളും സ്ഫോടന വസ്തുക്കളും ജസ്‍വിന്ദർ വിതരണം ചെയ്യുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പഞ്ചാബിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമായിരുന്നു സ്ഫോടനമെന്ന് ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു.

വിഘടനവാദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന നിരോധിത സംഘടനയായ സിക്സ് ഫോർ ജസ്റ്റിസുമായി മുൾട്ടാനിക്കു അടുത്ത ബന്ധമുണ്ട്. അമേരിക്ക ആസ്ഥാനമായുള്ള എസ്‌.എഫ്‌.ജെ പ്രസിഡന്റ് അവതാർ സിംഗ് പന്നു, ഹർമീത് എന്നിവരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. ജർമ്മനിയിലെ എസ്.എഫ്‌.ജെയുടെ വിഘടനവാദ പ്രചാരണത്തെ മുൾട്ടാനി സഹായിക്കുന്നുണ്ടെന്നും പാകിസ്ഥാനിൽ നിന്ന് ആയുധങ്ങൾ ശേഖരിച്ചത് നിയമ നിർ‌വഹണ ഏജൻസികളുടെ ശ്രദ്ധയിൽപ്പെട്ടതായും റിപ്പോർട്ടിലുണ്ട്. കർഷക സമരത്തെ അട്ടിമറിക്കാൻ ഖാലിസ്ഥാൻ സംഘം ശ്രമിക്കുന്നതായി വെളിപ്പെടുത്തിയ ഭാരതീയ കിസാൻ യൂണിയൻ നേതാവ് ബൽബീർ സിംഗ് രാജേവാളിനെ മുൾട്ടാനി ലക്ഷ്യംവച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.