kk

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ പ്രമോ ടീസർ പുറത്തിറങ്ങി. സംവിധായകനായും നായകനായും മോഹൻലാൽ എത്തുന്ന ടീസറാണ് പുറത്തിറക്കിയത്. മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിൽ ടീസർ പങ്കുവച്ചു.

കഴിഞ്ഞ ദിവസം ബറോസിന്റെ കാരക്ടർ സ്കെച്ചും പുറത്തുവിട്ടിരുന്നു, മോഹൻലാലിനേയും ഒരു പെൺകുട്ടിയേയുമാണ് പോസ്റ്ററിൽ കാണുന്നത്. കൊവിഡ് രണ്ടാം തരംഗത്തെത്തുടർന്ന് നിർത്തിവച്ചിരുന്ന സിനിമയുടെ ചിത്രീകരണം ഇന്ന് പുനരാരംഭിച്ചിരുന്നു. സിനിമയുടെ ചിത്രീകരണം തുടങ്ങിയിരുന്നുവെങ്കിലും കൊവിഡ് പ്രതിസന്ധി കാരണം നിർത്തിവയ്ക്കേണ്ടി വന്നു. ഇത് ചിത്രത്തിന്റെ കണ്ടിന്യൂവിറ്റിയെ ബാധിച്ചിരുന്നു. അതിനാൽ ഇതുവരെ ചിത്രീകരിച്ചിരുന്നതു മുഴുവൻ ഒഴിവാക്കുമെന്ന് നേരത്തെ മോഹൻലാൽ പറഞ്ഞിരുന്നു.

ത്രി ഡിയിൽ ആണ് ചിത്രം ഒരുക്കുന്നത്. വാസ്കോ ഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. കേന്ദ്ര കഥാപാത്രമായ ബറോസായി മോഹൻലാലാണ് എത്തുന്നത്. ഗോവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയർ കുട്ടിച്ചാത്തൻ' സംവിധാനം ചെയ്‍ത ജിജോ പുന്നൂസിന്റെ കഥയെ ആസ്‍പദമാക്കിയാണ് മോഹൻലാൽ സിനിമ സംവിധാനം ചെയ്യുന്നത്. ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് ശിവനാണ്. നടൻ പൃഥ്വിരാജും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്