
തിരുവനന്തപുരം : കിഴക്കമ്പലം സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട തൊഴിലാളികൾ എല്ലാവരും കുറ്റക്കാരല്ലെന്ന് കിറ്റക്സ് എം.ഡി സാബു ജേക്കബ് വിശദീകരിച്ചു. നാല്‍പ്പതില്‍ താഴെ തൊഴിലാളികള്‍ മാത്രമാണ് കുറ്റക്കാര്‍. എന്നാല്‍ 155 പേരെയാണ് പൊലീസ് പിടിച്ചുകൊണ്ടുപോയതെന്ന് സാബു ജേക്കബ് വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു.
നാല്‍പ്പതില്‍ താഴെ തൊഴിലാളികള്‍ മാത്രമാണ് അക്രമസംഭവത്തിന് പിന്നില്‍. എന്നാല്‍ 155 പേരെ പൊലീസ് പിടിച്ചുകൊണ്ടുപോയി. എല്ലാവരും കുറ്റക്കാരാണെന്ന് കരുതുന്നില്ല. പൊലീസ് വാഹനം തീവെച്ചു നശിപ്പിച്ചയാളെ കിറ്റക്‌സ് കമ്പനി തന്നെയാണ് പിടികൂടി പോലീസിനെ ഏല്‍പിച്ചത്. അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്നും' വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
കുറ്റക്കാരായ ഒരു തൊഴിലാളിയെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും കമ്പനിതൊഴിലാളികള്‍ക്ക് ലഹരിവസ്തു ലഭിച്ചത് എങ്ങനെയെന്ന് അന്വേഷിക്കണം തുടങ്ങിയ കാര്യങ്ങളും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. .
ശനിയാഴ്ച രാത്രി 12 മണിയോടെയാണ് കിഴക്കമ്പലത്ത് സംഘര്‍ഷമുണ്ടായത്. കിറ്റക്‌സ് കമ്പനിയിലെ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിലായിരുന്നു സംഭവം. ക്രിസ്മസുമായി ബന്ധപ്പെട്ട ആഘോഷത്തിനിടെ തൊഴിലാളികള്‍ക്കിടയില്‍ ഏറ്റുമുട്ടല്‍ ഉണ്ടാകുകയായിരുന്നു. പോലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച വിവരമനുസരിച്ച് സംഭവം അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയും തൊഴിലാളികള്‍ ആക്രമണം അഴിച്ചുവിട്ടു. പൊലീസുകാര്‍ക്ക് ക്രൂരമായ മര്‍ദനമേറ്റു. തൊഴിലാളികള്‍ പൊലീസ് ജീപ്പ് അഗ്നിക്കിരയാക്കുകയും ചെയ്തു. പൊലീസുകാര്‍ ജീപ്പില്‍ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. വാഹനം പൂര്‍ണമായും കത്തിനശിച്ചു. കുന്നത്തുനാട് സി.ഐ, എ.എസ്.ഐ ഉള്‍പ്പെടെ നാല് പൊലീസുകാര്‍ക്കും പരിക്കേറ്റു.