
എറണാകുളം: കിഴക്കമ്പലത്ത് കിറ്റക്സിലെ ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച സംഭവം പൊലീസിന്റെ പ്രത്യേക സംഘം അന്വേഷിക്കും. പെരുമ്പാവൂർ എ എസ് പി അനൂജ് പലിവാലിന്റെ നേതൃത്വത്തിലുള്ള പത്തൊമ്പതംഗ അന്വേഷണ സംഘത്തെയാണ് അന്വേഷണ ചുമതല ഏൽപ്പിച്ചിട്ടുള്ളത്. രണ്ട് ഇൻസ്പെക്ടർമാരും ഏഴ് സബ് ഇൻസ്പെക്ടർമാരും അടങ്ങിയ സംഘമാണ് അന്വേഷണം നടത്തുക. ഇതിനോടകം സംഭവവുമായി ബന്ധപ്പെട്ട് 156 പേരെ അറസ്റ്ര് ചെയ്തുകഴിഞ്ഞുവെന്ന് പൊലീസ് അറിയിച്ചു.
മൂന്ന് പൊലീസ് ജീപ്പുകളാണ് കിഴക്കമ്പലത്ത് കിറ്റെക്‌സ് ഗ്രൂപ്പിലെ അന്യസംസ്ഥാന തൊഴിലാളികൾ ഇന്നലെ അർദ്ധരാത്രിയിൽ തകർത്തത്. ഇതിൽ ഒരെണ്ണം പൂർണമായും തീയിട്ട് നശിപ്പിച്ചു. ആക്രമണത്തിൽ കുന്നത്തുനാട് സി ഐ ഷാജനടക്കം അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേറ്റു. സിഐയുടെ തലക്കാണ് പരിക്കേറ്റത്. പരിക്കേറ്റ പൊലീസുകാരെ നാട്ടുകാരാണ് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഞ്ഞൂറോളം അന്യസംസ്ഥാന തൊഴിലാളികളാണ് അക്രമം നടത്തിയത്. മദ്യലഹരിയിലായിരുന്നു ആക്രമണം.
ക്രിസ്മസ് ആഘോഷത്തിനിടെ തൊഴിലാളികൾ തമ്മിൽ തർക്കമുണ്ടാകുകയും, ഇത് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് പൊലീസ് സംഘം സ്ഥലത്തെത്തിയതോടെ തമ്മിലടിച്ച തൊഴിലാളികൾ, അവർക്ക് നേരെ തിരിഞ്ഞു. സ്ഥലത്ത് കല്ലേറുണ്ടായി. ഇതിനിടയിലാണ് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റത്.