
സെഞ്ചൂറിയൻ: ബോക്സിംഗ് ഡേ ടെസ്റ്റിലെ ആദ്യ ദിനത്തിൽ ഇന്ത്യക്ക് മേൽക്കൈ. പരിക്കിൽ നിന്ന് മുക്തനായ ശേഷം ആദ്യ ടെസ്റ്റ് കളിക്കുന്ന വൈസ് ക്യാപ്ടൻ കെ എൽ രാഹുൽ പുറത്താകാതെ നേടിയ സെഞ്ചുറിയുടെ മികവിൽ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ മികച്ച സ്കോറിലേക്ക്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 251 റണ്ണെടുത്തിട്ടുണ്ട്. 110 റണ്ണുമായി കെ എൽ രാഹുലും 32 റണ്ണുമായി അജിങ്ക്യ രഹാനെയുമാണ് ക്രീസിൽ. പരിക്കിനെ തുടർന്ന് ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് -ടി ട്വന്റി പരമ്പരകളിൽ കെ എൽ രാഹുൽ കളിച്ചിരുന്നില്ല.
നേരത്തെ ഓപ്പണർമാരായ കെ എൽ രാഹുലും മായംഗ് അഗർവാളും ഇന്ത്യക്ക് മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ ദക്ഷിണാഫ്രിക്കൻ പേസർ എൻഗിഡി തുടർച്ചയായി രണ്ട് വിക്കറ്റുകൾ വീഴ്ത്തിയത് ഇന്ത്യക്ക് കനത്ത പ്രഹരമാണ് നൽകിയത്. 60 റണ്ണെടുത്ത് മായംഗ് അഗർവാളിനെയും റണ്ണൊന്നുമെടുക്കാത്ത ചേതേശ്വർ പൂജാരയേയും അടുത്തടുത്ത പന്തുകളിലാണ് എൻഗിഡി പുറത്താക്കുന്നത്.
തുടർന്ന് ക്രീസിലെത്തിയ ക്യാപ്ടൻ വിരാട് കൊഹ്‌ലി, കെ എൽ രാഹുലുമായി ചേർന്ന് കൂട്ട്ക്കെട്ട് പടുത്തുയർത്താൻ ശ്രമിച്ചെങ്കിലും എൻഗിഡി വീണ്ടും ഇന്ത്യക്ക് പ്രഹരമേൽപ്പിച്ചു. 35 റണ്ണെടുത്ത കൊഹ്‌ലി എൻഗിഡിയുടെ പന്തിൽ മുൾഡർ പിടിച്ച് പുറത്താക്കുകയായിരുന്നു.