sahal

പനാജി: കേരളാ ബ്‌ളാസ്റ്റേഴ്സിനെതിരെ വീണ്ടും റഫറിയുടെ തെറ്റായ തീരുമാനം. ജംഷഡ്പൂരിനെതിരായ മത്സരത്തിന്റെ 37ാം മിനിട്ടിൽ ബ്‌ളാസ്റ്റേഴ്സിന് ന്യായമായും ലഭിക്കേണ്ടിയിരുന്ന പെനാൽട്ടി റഫറി പ്രതീക് മൊണ്ടൽ നിഷേധിക്കുകയായിരുന്നു. ബ്‌ളാസ്റ്റേഴ്സിന്റെ മുന്നേറ്റനിര താരം വാസ്ക്വസിന്റെ ക്രോസ് ജംഷദ്പൂരിന്റെ പ്രതിരോധനിര താരത്തിന്റെ കൈയ്യിൽ ബോക്സിനുള്ളിൽ വച്ച് തട്ടിയെങ്കിലും റഫറി പെനാൽട്ടി അനുവദിച്ചില്ല. ബ്‌ളാസ്റ്റേഴ്സ് താരങ്ങളുടെ പ്രതിഷേധം വകവയ്ക്കാതെ റഫറി ജംഷഡ്പൂരിന് അനുകൂലമായി തീരുമാനം എടുക്കുകയായിരുന്നു.

കഴിഞ്ഞ ഏതാനും മത്സരങ്ങളിലും ബ്‌ളാസ്റ്റേഴ്സിനെതിരെ ഐ എസ് എൽ റഫറിമാരുടെ ഭാഗത്ത് നിന്ന് തെറ്റായ നിരവധി തീരുമാനങ്ങൾ ഉണ്ടായിരുന്നു. ഇതിനെതിരെ ടീം എ ഐ എഫ് എഫിന് ഔദ്യോഗികമായി പരാതി നൽകുകയും ചെയ്തിരുന്നു. ഇതിനു പുറമേ അഡ്രിയാൻ ലൂണ അടക്കമുള്ള താരങ്ങളും പരസ്യമായി ഐ എസ് എല്ലിലെ മോശം റഫറിയിംഗിനെതിരെ പ്രതികരിച്ചിരുന്നു.

ഇന്നത്തെ മത്സരത്തിൽ തുടക്കത്തിൽ ലീഡ് നേടിയ ജംഷഡ്പൂരിനെതിരെ സഹൽ അബ്ദുൾ സമദിന്റെ ഗോളിലൂടെ ബ്‌ളാസ്റ്റേഴ്സ് തിരിച്ചടിക്കുകയായിരുന്നു. ആദ്യ പകുതി അവസാനിച്ചപ്പോൾ ഇരു ടീമുകളും ഓരോ ഗോളുകളുമായി സമനിലയിലാണ്. 14ാം മിനിട്ടിൽ ലഭിച്ച ഒരു ഫ്രീകിക്ക് ഗോളിലൂടെ ഗ്രെഗ് സ്റ്റുവാർട്ടാണ് ജംഷഡ്പൂരിനെ മുന്നിലെത്തിക്കുന്നത്. 27ാം മിനിട്ടിൽ സഹൽ സമനില ഗോളും നേടി. മൈതാനത്തിന്റെ മദ്ധ്യഭാഗത്ത് നിന്ന് പന്ത് സ്വീകരിച്ച ശേഷം ഒറ്റയ്ക്ക് കുതിച്ച് അൽവാരോ വാസ്ക്വസിന്റെ ഷോട്ട് ജംഷഡ്പൂരിന്റെ മലയാളി ഗോൾകീപ്പർ രഹ്നേഷ് തടുത്തിട്ടു. എന്നാൽ റീബൗണ്ട് ഷോട്ടിലൂടെ സഹൽ ബ്‌ളാസ്റ്റേഴ്സിന്റെ സമനില കണ്ടെത്തി.