india

 ആഗോള സമ്പദ്‌വ്യവസ്ഥ $100 ലക്ഷം കോടിയിലേക്ക്.

ന്യൂഡൽഹി: ആഗോള സമ്പദ്‌വ്യവസ്ഥയുടെ മൂല്യം ചരിത്രത്തിൽ ആദ്യമായി 100 ലക്ഷം കോടി ഡോളർ കടക്കുന്നതിന് 2022 സാക്ഷിയാകുമെന്ന് ബ്രിട്ടീഷ് കൺസൾട്ടൻസി സ്ഥാപനമായ സെബറിന്റെ റിപ്പോർട്ട്. അമേരിക്കയെ പിന്തള്ളി ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയെന്ന പട്ടം ചൂടാൻ ചൈന ഏതാനും വർഷങ്ങൾ കൂടി കാത്തിരിക്കണമെന്നും റിപ്പോർട്ടിലുണ്ട്.

2030ഓടെയേ ചൈനയ്ക്ക് ഒന്നാംസ്ഥാനം നേടാനാകൂ. അതേസമയം, ഇന്ത്യ 2022ൽ ഫ്രാൻസിനെയും 2023ൽ ബ്രിട്ടനെയും പിന്തള്ളി ആറാംസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോർട്ട് വ്യക്തമാക്കി. 2033ൽ ജപ്പാനെ ജർമ്മനി പിന്തള്ളും. 2036ൽ റഷ്യ വീണ്ടും ടോപ് 10ൽ എത്തും. 2034ൽ ഇൻഡോനേഷ്യ 9-ാം സ്ഥാനവും നേടും. ആഗോളതലത്തിൽ ഉയരുന്ന പ്രധാന പ്രതിസന്ധി നാണയപ്പെരുപ്പമാണ്. അമേരിക്കയിൽ ഇത് 6.8 ശതമാനമാണെന്നത് ആശങ്കാജനകമാണെന്നും റിപ്പോർട്ടിലുണ്ട്. ആഗോള സമ്പദ്‌മൂല്യം 2024ൽ മാത്രമേ 100 ലക്ഷം കോടി ഡോളർ കടക്കൂ എന്നാണ് കഴിഞ്ഞവർഷത്തെ റിപ്പോർട്ടിൽ സെബർ പറഞ്ഞിരുന്നത്.

ഇന്ത്യയും റാങ്കിംഗും.

നിലവിൽ ലോകത്തെ ഏഴാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ. 2022ൽ ഇന്ത്യ ആറാമതാകും ഫ്രാൻസ് ഏഴാമതും. 2026ൽ ഇന്ത്യ ബ്രിട്ടനെ പിന്തള്ളി അഞ്ചാമതെത്തും. 2031ൽ ജപ്പാൻ, ജർമ്മനി എന്നിവയെയും പിന്നിലാക്കി ഇന്ത്യ മൂന്നാംസ്ഥാനത്തേക്ക് കുതിക്കും.

നിലവിൽ അമേരിക്കയാണ് ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥ. 2031ൽ ചൈന ഒന്നാമതാകും. അമേരിക്ക രണ്ടാമതാകും. ജപ്പാൻ നാലാംസ്ഥാനത്തേക്കും ജർമ്മനി അഞ്ചാംസ്ഥാനത്തേക്കും വീഴും. ബ്രിട്ടൻ ആറാംസ്ഥാനവും ഫ്രാൻസ് ഏഴാംസ്ഥാനവും അലങ്കരിക്കും.