
തിരുവനന്തപുരം: തിരുവനന്തപുരം നഗരൂരിൽ യുവാക്കൾ തമ്മിലുള്ള മുൻവൈരാഗ്യത്തെ തുടർന്ന് വീടുകയറി ആക്രമണം. സൂരജ്, വിഷ്ണു എന്നീ യുവാക്കള്‍ തമ്മിലുണ്ടായ അടിപിടിയാണ് വീട്ടിൽ കയറി സ്ത്രീകളെ വരെ ഉപദ്രവിക്കുന്ന സംഭവങ്ങളിലേക്ക് നീങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് 14 പേരെ നഗരൂർ പൊലീസ് അറസ്റ്റ് ചെയ്തു.
നഗരൂർ സ്വദേശികളായ സൂരജും വിഷ്ണും തമ്മിൽ വർഷങ്ങളായി ശത്രുതയുണ്ട്. ഇവർ തമ്മിൽ നേരത്തെ ഏറ്റുമുട്ടുകയും ചെയ്തിരുന്നു. ഇന്നലെ വൈകിട്ട് വിഷ്ണുവും സുഹൃത്ത് ലതീഷുമായി സൂരജിന്‍റെ സുഹൃത്തായ അഫ്സലിന്‍റെ വീടിന് മുന്നിലൂടെ ബൈക്കിൽ പോവുകയായിരുന്നു. സൂരജും അപ്പോള്‍ ഈ വീട്ടിലുണ്ടായിരുന്നു. സൂരജും അഫ്സലും ചേർന്ന് വിഷ്ണുവിനോട് തട്ടിക്കയറിയും ഒടുവിൽ കയ്യാങ്കളിയിലെത്തുകയും ചെയ്തു. മർദ്ദനത്തിൽ വിഷ്ണുവിന് സാരമായി പരിക്കേറ്റു. വിഷ്ണുവിനെ മർദ്ദിക്കുന്നറിഞ്ഞ എട്ട് സുഹൃത്തുക്കള്‍ സ്ഥലത്തെത്തി. തുടര്‍ന്ന് വിഷ്ണുവിന്റെ സുഹൃത്തുക്കളെത്തിയപ്പോള്‍ അഫ്സലും സൂരജും വീട്ടിലേക്ക് ഓടികയറി. അക്രമിസംഘം വീട്ടിൽ കയറി സൂരജിനെയും അഫ്സലിനെയും അടിച്ചു. ഇതിനിടെ വീട്ടിലുണ്ടായിരുന്നു സ്ത്രീകള്‍ക്കും മർദ്ദനമേറ്റു. രണ്ട് സംഭവങ്ങളിലുമായി 14 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. കൂട്ടത്തല്ലിൽ പ്രതികള്‍ക്കെല്ലാം പരിക്കുകളുണ്ട്.