sahal

തിലക് മൈതാൻ: ഒരിക്കൽകൂടി കേരളാ ബ്‌ളാസ്റ്റേഴ്സ് അർഹിച്ച വിജയം തട്ടിത്തെറിപ്പിച്ച് ഐ എസ് എല്ലിലെ റഫറിയിംഗ് പിഴവുകൾ.

തിലക് മൈതാനിൽ ഇന്ന് നടന്ന മത്സരത്തിൽ ജംഷഡ്പൂരിനെതിരെ കേരളാ ബ്‌ളാസ്റ്റേഴ്സ് 1-1 സമനിലയിൽ പിരിഞ്ഞു. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെയായിരുന്നു ഇരു ഗോളുകളും പിറന്നത്.

മത്സരത്തിന്റെ 14ാം മിനിട്ടിൽ അതിമനോഹരമായ ഫ്രീകിക്കിലൂടെ ജംഷഡ്പൂരിന് ഗ്രേഗ് സ്റ്റുവർട്ട് ലീഡ് നേടികൊടുക്കുകയായിരുന്നു. 13 മിനിട്ടുകൾക്ക് ശേഷം മത്സരത്തിന്റെ 27ാം മിനിട്ടിൽ മലയാളി താരം സഹൽ അബ്ദുൾ സമദിലൂടെ ബ‌്ളാസ്റ്റേഴ്സ് സമനില നേടി. ഇതോടെ ഈ സീസണിൽ നാല് ഗോളുകൾ സ്വന്തമാക്കിയ സഹൽ ബ്‌ളാസ്റ്റേഴ്സിന്റെ ടോപ്പ് സ്കോററായി. തുടർച്ചയായ മൂന്നാമത്തെ മത്സരത്തിലാണ് സഹൽ ഗോൾ നേടുന്നത്. മൈതാനത്തിന്റെ മദ്ധ്യഭാഗത്ത് നിന്ന് പന്ത് സ്വീകരിച്ച ശേഷം ഒറ്റയ്ക്ക് കുതിച്ച് അൽവാരോ വാസ്ക്വസിന്റെ ഷോട്ട് ജംഷഡ്പൂരിന്റെ മലയാളി ഗോൾകീപ്പർ രഹ്നേഷ് തടുത്തിട്ടു. എന്നാൽ റീബൗണ്ട് ഷോട്ടിലൂടെ സഹൽ ബ്‌ളാസ്റ്റേഴ്സിന്റെ സമനില കണ്ടെത്തി.

37ാം മിനിട്ടിൽ ബ്‌ളാസ്റ്റേഴ്സിന് ന്യായമായും ലഭിക്കേണ്ടിയിരുന്ന പെനാൽട്ടി റഫറി പ്രതീക് മൊണ്ടൽ നിഷേധിക്കുകയായിരുന്നു. ബ്‌ളാസ്റ്റേഴ്സിന്റെ മുന്നേറ്റനിര താരം വാസ്ക്വസിന്റെ ക്രോസ് ജംഷദ്പൂരിന്റെ പ്രതിരോധനിര താരത്തിന്റെ കൈയ്യിൽ ബോക്സിനുള്ളിൽ വച്ച് തട്ടിയെങ്കിലും റഫറി പെനാൽട്ടി അനുവദിച്ചില്ല. ബ്‌ളാസ്റ്റേഴ്സ് താരങ്ങളുടെ പ്രതിഷേധം വകവയ്ക്കാതെ റഫറി ജംഷഡ്പൂരിന് അനുകൂലമായി തീരുമാനം എടുക്കുകയായിരുന്നു.

എട്ടു മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും നാലു സമനിലയും ഒരു തോൽവിയുമായി 13 പോയിന്റുകൾ നേടിയ ബ്‌ളാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണിപ്പോൾ. 13 പോയിന്റ് തന്നെയുള്ള ജംഷെഡ്പൂർ ഗോൾവ്യത്യാസത്തിന്റെ മികവിൽ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. 2022 ജനുവരി രണ്ടിന് എഫ്‌സി ഗോവയ്ക്കെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.