
ആധുനിക സൗകര്യങ്ങൾ എല്ലാമുള്ള പട്ടണം ഒരുങ്ങുന്നു. ഫ്ളാറ്റുകളും വില്ലകളും അടങ്ങുന്ന താമസസ്ഥലങ്ങൾ, പലതരം ഷോപ്പുകൾ, ഹോട്ടൽ, സിനിമ തിയേറ്റർ, കുട്ടികൾക്കും മുതിർന്നവർക്കും വിനോദത്തിനും ഉല്ലാസത്തിനുമുള്ള മാർഗങ്ങൾ, അങ്ങനെ ആധുനിക സമുഹത്തിന് വേണ്ട സർവസൗകര്യങ്ങളും ഉള്ള 5.4 മില്യൺ ചതുരശ്രയടി വിസ്തിർണത്തിലുള്ള ടെൻ മിനിറ്റ് സിറ്റി എന്ന് വിളിക്കുന്ന നഗരമാണ് നിർമ്മിക്കാൻ പദ്ധതി തയ്യാറാക്കുന്നത്.. നഗരത്തിനുള്ളിൽ കാൽനടയാത്രയും സൈക്കിൾ സവാരിക്കും മാത്രമേ അനുവാദമുള്ളു എന്നതാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. കാറുകൾക്ക് നേരിട്ട് സിറ്റിക്കുള്ളിലേക്ക് പ്രവേശനം ഇല്ല. ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സിയോളിലെ പർവതനിരകൾക്ക് സമീപമായിരിക്കും ഈ നഗരം.
റസിഡൻഷ്യൽ ടവറുകൾ, പാർക്കുകൾ, ഹോട്ടൽ,സിനിമ തിയേറ്റർ, ലൈബ്രറി, ഓഫിസുകൾ, മാൾ, ഓട്ടത്തിനുള്ള ട്രാക്ക്, ഹോസ്പിറ്റൽ, കമ്മ്യൂണിറ്റി സെന്റർ, കമ്മ്യുണൽ സ്പേസുകൾ, സലുൺസ്, വാണിജ്യ- വിദ്യാഭ്യാസ-സാംസ്കാരിക കേന്ദ്രങ്ങളും അടങ്ങുന്നതാണ് സിറ്റിയുടെ പ്ലാൻ. ഹ്യുണ്ടായി ഡെവലപ്പ്‌മെൻ്റ് കമ്പനി, ഡച്ച് ആർക്കിടെക്ച്ചർ കമ്പനി അൺസ്റ്റുഡിയോ എന്നിവരാണ് പ്രൊജക്റ്റിന്റെ പ്ലാനും നിർമ്മാണവും നിർവഹിക്കുന്നത്.
ആളുകളുടെ ഏകാന്തത ഒഴിവാക്കുന്നതിനായി ഷെയേർഡ് സ്പേസും, ജോയിന്റ് ഫെസിലിറ്റിയുമൊക്കെ പ്രൊജക്റ്റിന്റെ ഭാഗമായി എല്ലാ നിലയിലും ഉണ്ടാകും. സ്കൈ ബാൽക്കണിയും റൂഫ് ടെറസ്സുമൊക്കെ പ്രൊജക്റ്റിന്റെ ഭാഗമാണ്. പദ്ധതിയുടെ മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതെയുള്ളു. സുസ്ഥിര ജിവിതരീതികളും അനായാസ ജിവിത സാഹചര്യങ്ങളുമാണ് ഈ കാർ ഫ്രി സിറ്റിയുടെ മുഖ്യ സവിശേഷത.
താമസക്കാർക്ക് വ്യത്യസ്‌ത വലുപ്പത്തിലും ചെലവു കുറഞ്ഞതും കൂടിയതുമായ ' അപ്പാർട്ട്‌മെന്റുകളിൽ താമസിക്കാനുള്ള അവസരം ലഭിക്കും. വീട്, ഹോട്ടൽ, ഓഫീസ് എന്നിവയുടെ ഡിസൈൻ സവിശേഷതകൾ സംയോജിപ്പിക്കുന്ന ഒരു 'ഓഫീസ്‌ടെൽ' എന്ന ആശയവും ഇവിടെ നടപ്പാക്കുന്നുണ്ട്. നഗരത്തെ ഭൂഗർഭ സ്റ്റേഷൻ വഴി സിയോളുമായി ബന്ധിപ്പിക്കും, നഗരം കാർ രഹിതമാണെങ്കിലും, താമസക്കാർക്ക് അവരുടെ വാഹനങ്ങൾ ഭൂഗർഭ കാർ പാർക്കുകളിൽ പാർക്ക് ചെയ്യാൻ കഴിയും.
കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മണ്ണില്ലാതെ ചെടികൾ വളർത്തുന്ന ഹൈഡ്രോപോണിക്സിനുള്ള സൗകര്യങ്ങളും ഉണ്ടാകും മാസ്റ്റർപ്ലാനിനായി, താമസക്കാരുടെ ദൈനംദിന ജീവിതാനുഭവത്തിന് മുൻഗണന നൽകുന്ന അത്യാധുനിക സമകാലിക 10 മിനിറ്റ് നഗരം സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്.