police-vehicle

കൊച്ചി: കിഴക്കമ്പലം സംഘർഷത്തിൽ ഇന്ന് കൂടുതൽ പേരെ അറസ്റ്റ് ചെയ്‌തേക്കും. കിറ്റെക്‌സിലെ 156 അന്യസംസ്ഥാന തൊഴിലാളികളെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ 24 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

പെരുമ്പാവൂർ എ എസ് പി അനൂജ് പലിവാലിന്റെ നേതൃത്വത്തിലുള്ള പത്തൊമ്പതംഗ സംഘമാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്. സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികളുടെ മൊഴികളുടെയും, സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ചൂരക്കോട്ട് കമ്പനിക്ക് സമീപമുള്ള ലേബർ ക്യാമ്പിൽ മണിപ്പൂർ, നാഗാലാൻഡ് സംസ്ഥാനക്കാരായ തൊഴിലാളികളാണ് ശനിയാഴ്ച രാത്രി പതിനൊന്നോടെ ഏറ്റുമുട്ടിയത്.

ക്രിസ്മസ് ആഘോഷത്തിനിടെ കരോളിനെ ചൊല്ലി തൊഴിലാളികൾ തമ്മിൽ തർക്കമുണ്ടാകുകയും, ഇത് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് പൊലീസ് സംഘം സ്ഥലത്തെത്തിയതോടെ തമ്മിലടിച്ച തൊഴിലാളികൾ, അവർക്ക് നേരെ തിരിഞ്ഞു. ആക്രമണത്തിൽ കുന്നത്തുനാട് സി ഐ ഷാജനടക്കം അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മൂന്ന് പൊലീസ് ജീപ്പുകൾ തകർത്തു. ഇതിൽ ഒരെണ്ണം പൂർണമായും തീയിട്ട് നശിപ്പിച്ചു.