
ലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. യുവാക്കളുടെ സ്വപ്നങ്ങളെ ചവിട്ടിയരച്ച യോഗിയെ ബുൾഡോസർ നാഥ് അല്ലെങ്കിൽ ബുൾഡോസറുകളുടെ പ്രഭു എന്ന് വിളിക്കണമെന്ന് കോൺഗ്രസ് പറഞ്ഞു.
കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ ലഖ്നൗവിൽ നടത്താനിരുന്ന അഞ്ച് കിലോമീറ്റർ ഓട്ടത്തിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ഇതിനെ തുടർന്നാണ് കോൺഗ്രസ് യോഗിയ്ക്കെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയത്.
സ്ത്രീ മുന്നേറ്റത്തിന്റെ ഭാഗമായിട്ടായിരുന്നു കോൺഗ്രസ് ഓട്ടം സംഘടിപ്പിക്കാനിരുന്നത്. ഓടാൻ ആഗ്രഹിച്ച പെൺകുട്ടികളുടെ സ്വപ്നങ്ങൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തകർത്തുവെന്നും സ്ത്രീ വിരുദ്ധനായ യോഗി ശക്തരായ സ്ത്രീകളുടെ സ്വപ്നങ്ങൾ ഇല്ലാതാക്കിയെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.