kannur

കണ്ണൂർ: മകളുടെ കൂട്ടുകാരികൾക്ക് അശ്ളീല സന്ദേശമയച്ച കേസിൽ 52കാരൻ അറസ്റ്റിൽ. കണ്ണൂർ കടലായി സ്വദേശി ഹരീഷിനെയാണ് പോക്‌സോ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ പൊലീസ് കേസെടുക്കുകയായിരുന്നു. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേയ്ക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

എൽ ഐ സി ഏജന്റാണ് പ്രതി. ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ മകളുടെ കൂട്ടുകാരികൾക്ക് പുറമേ മറ്റ് നിരവധി സ്ത്രീകൾക്കും കുട്ടികൾക്കും അശ്ളീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചിരുന്നതായി പൊലീസ് കണ്ടെത്തി.

കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി പ്രതിയുടെ ഫോൺ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. മകളുടെ ഫോണിൽ നിന്നു രഹസ്യമായി ഇയാൾ കൂട്ടുകാരികളുടെ നമ്പറുകൾ സ്വന്തമാക്കുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണമുണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി.