-chief-justice

അമരാവതി: ജഡ്ജിമാരെ നിയമിക്കുന്നത് ജഡ്ജിമാർ തന്നെയെന്ന് പറയുന്നത് കെട്ടുകഥമാത്രമാണെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ. വിജയവാഡയിലെ ശ്രീ ലാവു വെങ്കടവര്‍ലു എന്‍ഡോവ്മെന്റ് പ്രഭാഷണത്തില്‍ ഇന്ത്യന്‍ ജുഡീഷ്യറിയുടെ ഭാവി വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജഡ്ജിമാരെ നിയമിക്കുന്നത് ജഡ്ജിമാര്‍ തന്നെയെന്ന് പറയുന്നത് ഇപ്പോൾ ഒരു ഫാഷനായി മാറിയിരിക്കുകയാണ്. എന്നാലിത് വെറും കെട്ടുകഥ മാത്രമാണ്. നിയമമന്ത്രാലയം, സംസ്ഥാന സര്‍ക്കാര്‍, ഗവര്‍ണര്‍, ഹൈക്കോടതി കൊളീജിയം, രഹസ്യാന്വേഷണ വിഭാഗം, എക്‌സിക്യുട്ടീവ് ഇങ്ങനെ ഒട്ടേറെ പേര്‍ ചേര്‍ന്ന് കൈക്കൊള്ളുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ജഡ്ജി നിയമനം നടക്കുന്നതെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞു. കഴിഞ്ഞദിവസം ജോണ്‍ ബ്രിട്ടാസ് എം.പി. പാര്‍ലമെന്റില്‍ ഹൈക്കോടതി ആന്‍ഡ് സുപ്രീംകോടതി ജഡ്ജി ഭേദഗതി ബില്‍ അവതരിപ്പിച്ചുകൊണ്ട് ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശം ചൂണ്ടിക്കാട്ടിക്കൊണ്ടാണ് അദ്ദേഹം ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്.

ഈയിടെയായി ജഡ്ജിമാര്‍ക്കുനേരെയുള്ള ശാരീരിക ആക്രമണങ്ങളും വർദ്ധിച്ചുവരുന്നു. ചിലര്‍ക്ക് അനുകൂലമായി വിധിപ്രഖ്യാപനം വന്നില്ലെങ്കില്‍ ജഡ്ജിമാര്‍ക്കെതിരേ സാമൂഹിക മാദ്ധ്യമങ്ങളിൽ ആസൂത്രിതമായി പ്രചാരണങ്ങളും നടക്കുന്നുണ്ട്. ജഡ്ജിമാർക്ക് ധൈര്യമായി പ്രവർത്തിക്കാനുള്ള സാഹചര്യം ഒരുക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വം ആണെന്നും അദ്ദേഹം പറഞ്ഞു.