
മുംബയ്: 56ാമത് ജന്മദിനമാഘോഷിക്കാൻ പൻവേലിലെ ഫാം ഹൗസിൽ എത്തിയ ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന് പാമ്പുകടിയേറ്റ വാർത്ത സിനിമാ പ്രേമികൾ ഞെട്ടലോടെയാണ് കേട്ടത്. താരത്തെ കടിച്ചത് വിഷമുള്ള പാമ്പല്ല എന്ന തരത്തിലുള്ള വാർത്തകളായിരുന്നു പുറത്തുവന്നത്. എന്നാൽ സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് താരം.
ഫാം ഹൗസിലെ ഒരു മുറിയിൽ പാമ്പ് കയറിയെന്നും കുട്ടികളുടെ കരച്ചിൽ കേട്ട് വന്നുനോക്കിയപ്പോൾ പാമ്പിനെ കാണുകയായിരുന്നെന്നും താരം പറഞ്ഞു. തുടർന്ന് താനൊരു കമ്പ് ആവശ്യപ്പെടുകയും അതുപയോഗിച്ച് പാമ്പിനെ എടുക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ കമ്പിൽ ചുറ്റിയ പാമ്പ് തന്നെ മൂന്ന് തവണ കൊത്തിയെന്നും താരം വെളിപ്പെടുത്തി. അതൊരു വിഷമുള്ള പാമ്പ് ആയിരുന്നെന്നും ഉടൻ തന്നെ നവി മുംബയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. ആറ് മണിക്കൂർ ആശുപത്രിയിൽ ചിലവഴിച്ചുവെന്നും താനിപ്പോൾ സുഖമായിരിക്കുന്നുവെന്നും സൽമാൻ പറഞ്ഞു.
ഫോട്ടോഗ്രാഫർ വരിന്ദർ ചാവ്‌ല സൽമാൻ ഖാന്റെ ആശുപത്രിയിൽ നിന്നുള്ള ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു. പിന്നാലെ നിരവധി ആരാധകർ വേഗം സുഖം പ്രാപീക്കൂ എന്നുള്ള കമന്റുകൾ അയച്ചു.
കഴിഞ്ഞ ശനിയാഴ്ചയാണ് താരത്തിന് പാമ്പ് കടിയേറ്റത്. എല്ലാ വർഷവും തന്റെ പിറന്നാളാഘോഷിക്കാൻ താരം പൻവേലിലെ ഫാം ഹൗസിൽ എത്താറുണ്ട്. ലോക്ക്‌ഡൗൺ സമയത്തും താരം തന്റെ സഹോദരിയോടൊപ്പം ഫാം ഹൗസിലായിരുന്നു കൂടുതൽ നാളും കഴിഞ്ഞിരുന്നത്.