godse

റായ്‌പൂർ: നാഥുറാം ഗോ‌ഡ്‌സെയെ പ്രകീർത്തിച്ച് ഹിന്ദു ആത്മീയ നേതാവ്. റായ്‌പൂരിൽ നടന്ന ആദ്ധ്യാത്മിക സമ്മേളനമായ 'ധർമ്മ സൻസദി'ലാണ് ഹിന്ദു ആദ്ധ്യാത്മിക ആചാര്യനായ കാളീചരൺ മഹാരാജ് ഗോഡ്‌സെയെ പ്രകീർത്തിച്ചും ഗാന്ധിജിയെ അപമാനിച്ചും സംസാരിച്ചത്. സംഭവത്തിൽ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചതായി ഛത്തീസ്ഗ‌ഡ് പൊലീസ് അറിയിച്ചു.

സമ്മേളനത്തിൽ മറ്റ് മതങ്ങളെ അപമാനിച്ചും വിദ്വേഷം കലർന്ന തരത്തിലും കാളീചരൺ മഹാരാജ് സംസാരിച്ചു. 'മതത്തെ സംരക്ഷിക്കുകയാണ് നമ്മുടെ പ്രധാന കർത്തവ്യം. ഏത് പാർട്ടിയിൽ പെട്ടവനായാലും ഉറച്ച ഒരു ഹിന്ദു രാജാവിനെ സർക്കാരിനായി തിരഞ്ഞെടുക്കണം.' കാളീചരൺ അഭിപ്രായപ്പെട്ടു. ഇസ്‌ലാം മതത്തിനെതിരെ കടുത്ത വിദ്വേഷ പ്രസംഗം നടത്തിയ കാളീചരൺ മതം ഉപയോഗിച്ച് വിവിധ രാജ്യങ്ങൾ പിടിച്ചെടുത്തതായും ഇന്ത്യയിൽ 1947ലും അത്തരത്തിൽ സംഭവിച്ചതായും അതിനാൽ ഗാന്ധിയെ ഗോഡ്‌സെ വെടിവച്ചുകൊന്നതിന് താൻ അദ്ദേഹത്തെ സല്യൂട്ട് ചെയ്യുന്നതായും പറഞ്ഞു. തുടർന്ന് ഗാന്ധിക്കെതിരെ വലിയ വിദ്വേഷപ്രസംഗവും കാളീചരൺ നടത്തി.

പൊലീസ് ഭരണകൂടത്തിന്റെ അടിമയാണെന്നും രാജ്യത്ത് ഹിന്ദു രാജാവുണ്ടാകും വരെ പൊലീസ് പിന്തുണയ്‌ക്കില്ലെന്നും കാളീചരൺ കുറ്റപ്പെടുത്തി. സംഭവ സമയത്ത് യോഗത്തിലുണ്ടായിരുന്ന മുൻ കോൺഗ്രസ് എംഎൽഎയും ഛത്തീസ്ഗഡ് ഗൗ സേവ ആയോഗ് ചെയർമാനുമായ മഹന്ദ് രാംസുന്ദർ ദാസം സംഭവത്തിൽ ശക്തമായി പ്രതിഷേധിച്ച് സമ്മേളനം ബഹിഷ്‌കരിച്ചു. സംസ്ഥാന കോൺഗ്രസും വിവാദ പ്രസംഗത്തിൽ അമർഷം രേഖപ്പെടുത്തി. കോൺഗ്രസ് നേതാവ് പ്രമോദ് ദുബെയുടെ പരാതിയിൽ പൊലീസ് മതസ്‌പർദ്ധയുളവാക്കുന്ന പ്രസംഗം നടത്തിയതിന് ഇയാൾക്കെതിരെ കേസെടുത്തു.