
മലയാളികളുടെ സ്വന്തം സൂപ്പർ ഹീറോയാണ് മിന്നൽ മുരളി. ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ പിറന്ന ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്.
അപ്രതീക്ഷിതമായി ശരീരത്തിൽ മിന്നലേൽക്കുന്നതോടെ അമാനുഷിക ശക്തി ലഭിക്കുന്ന രണ്ടുപേരുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ചർച്ചകൾ സോഷ്യൽ മീഡിയയിൽ കാര്യമായി നടക്കുമ്പോൾ നായകൻ ടൊവിനോ വർക്കൗട്ടിന്റെ തിരക്കുകളിലാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്നതിന്റെ സൂചന നൽകിയാണ് താരം ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
'ഫ്ലൈയിംഗ് ലെസൺസ് 101, അടുത്ത ദൗത്യത്തിന് വേണ്ടിയുള്ള മുരളിയുടെ പുതിയ നീക്കങ്ങൾ" എന്ന ക്യാപ്‌ഷനോടെ വന്ന വീഡിയോ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടിയിൽ ശരീരമുയർത്തി പറക്കുകയാണ് താരം.
ഇതുകണ്ട് പലരും ചോദിച്ചിരിക്കുന്നത് സിനിമയിലെ കഥാപാത്രത്തെ പോലെ ശരിക്കും മിന്നലടിച്ചോ എന്നാണ്. ചിത്രത്തിന്റെ ഒരു ഭാഗത്ത് പറക്കാൻ മാത്രം പറ്റുന്നില്ലെ എന്ന് ടൊവിനോയുടെ കഥാപാത്രം പറയുന്നുണ്ട്. എന്നാൽ, പറക്കാൻ പറ്റില്ലെന്ന് ആരാ പറഞ്ഞത് എന്ന തരത്തിലുള്ള കമന്റുകളും വീഡിയോയ്‌ക്ക് താഴെയുണ്ട്. ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്ന സൂചന സംവിധായകൻ ബേസിലും പങ്കുവച്ചിരുന്നു.