sivankutty

കാസർകോട്: സംസ്ഥാനത്തെ സ്‌കൂളുകളിൽ ജെൻട്രൽ ന്യൂട്രൽ യൂണിഫോമെന്ന തീരുമാനം വിദ്യാഭ്യാസ വകുപ്പ് എടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഇന്ന് വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്ത് ചില സ്‌കൂളുകൾ ആൺകുട്ടികളും പെൺകുട്ടികളും ചേർന്ന് പഠിക്കുന്നതാക്കാൻ പിടിഎകൾ എടുത്ത തീരുമാനം സർക്കാരോ വിദ്യാഭ്യാസ വകുപ്പോ ചേർന്നെടുത്തതല്ലെന്നും മന്ത്രി സൂചിപ്പിച്ചു. കോഴിക്കോട് ബാലുശേരി ജി.ജി.എച്ച്‌.എസ്.എസിൽ ജെൻട്രൽ ന്യൂട്രൽ യൂണിഫോമാക്കാൻ തീരുമാനിച്ചതിന് പിന്നാലെയുണ്ടായ വിവാദത്തിൽ സ‌ർക്കാ‌ർ ഭാഗം വിശദമാക്കിയിരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് ആദ്യമായി ഒരു ഹയർ സെക്കന്ററി സ്‌കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ജെൻട്രൽ ന്യൂട്രൽ യൂണിഫോം നടപ്പാക്കിയത് ബാലുശേരി ജി.ജി.എച്ച്.എസ്.എസിലാണ്. എന്നാൽ ആൺകുട്ടികളുടെ യൂണിഫോം പെൺകുട്ടികൾക്ക് അടിച്ചേൽപ്പിക്കുകയാണെന്ന് സൂചിപ്പിച്ച് ഈ തീരുമാനത്തിനെതിരെ മുസ്ളീം കോ ഓർഡിനേഷൻ കമ്മിറ്റി പ്രതിഷേധിച്ചിരുന്നു.യൂണിഫോം പരിഷ്‌കരണം വിദ്യാർത്ഥികളുമായി ആലോചിച്ച് എടുത്ത തീരുമാനമാണെന്നാണ് ഇതിനെതിരെ സ്‌കൂൾ പിടിഎ പ്രതികരിച്ചത്.


ജെൻട്രൽ ന്യൂട്രൽ വിവാദത്തിൽ ഇന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയത് ഇക്കാര്യങ്ങളാണ്. ആൺകുട്ടികളും പെൺകുട്ടികളും പഠിക്കുന്ന സ്‌കൂളുകൾ സംസ്ഥാനത്തുണ്ട്. ഇവ രണ്ട് കൂട്ടരും ചേർന്ന് പഠിക്കുന്ന സ്‌കൂളാക്കാൻ തീരുമാനം എടുക്കുകയാണ്. എന്നാൽ ഇത് വിദ്യാഭ്യാസ വകുപ്പ് കേന്ദ്രീകരിച്ചെടുത്ത തീരുമാനമല്ല. പിടിഎ, അതാത് സ്ഥലങ്ങളിലെ തദ്ദേശ സ്ഥാപനങ്ങൾ എന്നിവരെടുത്ത തീരുമാനത്തെ വിദ്യാഭ്യാസ വകുപ്പ് അംഗീകരിക്കുന്നു. കുട്ടികൾ ഒന്നിച്ചിരുന്ന് പഠിക്കുന്നത് വിദ്യാഭ്യാസ വകുപ്പ് പ്രോത്സാഹിപ്പിക്കും.സംസ്ഥാനത്തെ ബോയ്‌സ്,ഗേൾസ് സ്‌കൂളുകൾ കുറയ്‌ക്കും. സംസ്ഥാനത്തെ നിലവിലുളള സ്‌കൂൾ സമയത്തിൽ മാറ്റമില്ല.

സ്‌കൂളുകളിൽ കുട്ടികൾക്ക് ജെൻട്രൽ ന്യൂട്രൽ യൂണിഫോം തീരുമാനവും വിദ്യാഭ്യാസ വകുപ്പ് എടുത്തിട്ടില്ല. ചില സംഘടനകൾ ഇക്കാര്യത്തിൽ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിനും വിദ്യാഭ്യാസ വകുപ്പിനും അത്തരത്തിൽ ഒരു നയമില്ല. സംസ്ഥാനത്ത് ആദ്യമായി ജെൻട്രൽ ന്യൂട്രൽ യൂണിഫോം നടപ്പാക്കിയത് 2018ൽ കാസർകോട് ജില്ലയിൽ ചെറിയാക്കര ജിഎൽപിഎസിലാണെന്നും മന്ത്രി ഓർമ്മിപ്പിച്ചു. ഇത് സമത്വത്തോടുള‌ള ഒരു നാടിന്റെ വികാരമാണെന്നും നാട് ഒന്നാകെയെടുക്കുന്ന ഇത്തരം തീരുമാനത്തെ വിദ്യാഭ്യാസ വകുപ്പ് എതിർക്കില്ലെന്നുമാണ് മന്ത്രി പറഞ്ഞത്.