kizhakkambalam-clash

കൊച്ചി: കിറ്റെക്‌സ് ഗ്രൂപ്പിലെ അന്യസംസ്ഥാന തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ 162 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളെ ഉടൻ കോടതിയിൽ ഹാജരാക്കും. വധശ്രമമുൾപ്പടെയുള്ള ഗുരുതര വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.


തൊഴിലാളികൾ തമ്മിലുള്ള സംഘർഷം തടയാനെത്തിയ സി ഐ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുകയായിരുന്നു അക്രമികളുടെ ഉദ്ദേശമെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. കല്ല്, മരവടി, മാരകയുധങ്ങൾ എന്നിവ ഉപയോഗിച്ചായിരുന്നു പ്രതികൾ പൊലീസുകാരെ ആക്രമിച്ചത്.

പിരിഞ്ഞുപോകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും അക്രമികൾ തയ്യാറായില്ല. സി ഐ സാജനെ അൻപതിലേറെ പേരുടെ സംഘമാണ് വധിക്കാൻ ശ്രമിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പ്രതികൾ 12ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടാക്കിയതെന്ന് പൊലീസ് അറിയിച്ചു.