
ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് രണ്ടുമാസത്തേക്ക് മാറ്റി വയ്ക്കുന്നത് പരിഗണിക്കണമെന്ന് അലഹാബാദ് ഹൈക്കോടതി ആവശ്യപ്പെട്ടതിന് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.
ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ ഉൾപ്പെടെയുള്ള കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായിയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ രാവിലെ യോഗം നടത്തുക. ഒമിക്രോൺ വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് നടത്താനാകുമോ എന്ന് യോഗം ചർച്ചചെയ്യുമെന്നാണ് പ്രതീക്ഷ.
ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂർ, ഗോവ എന്നിവിടങ്ങളിൽ അടുത്ത വർഷം ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് . ഇതിനിടെയാണ് ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് രണ്ട് മാസത്തേക്ക് മാറ്റിവയ്ക്കണമെന്ന് അലഹബാദ് ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്. സംസ്ഥാനത്ത് രാഷ്ട്രീയ പാർട്ടികളുടെ റാലികളും പൊതുയോഗങ്ങളും ഉടൻ നിരോധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും തിരഞ്ഞെടുപ്പ് കമ്മീഷനോടും കോടതി ആവശ്യപ്പെട്ടിരുന്നു.