
ഛത്തീസ്‌ഗഡ്: തെലങ്കാന- ഛത്തീസ്‌ഗഡ് അതിർത്തിയിലെ കിസ്ത്താരം പൊലീസ് സ്റ്റേഷൻ പരിധിയിലെ വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ ആറ് നക്‌സൽ പ്രവർത്തകരെ വധിച്ചു. തെലങ്കാന പൊലീസ്, ഛത്തീസ്‌ഗഡ് പൊലീസ്, സി ആർ പി എഫ് എന്നിവരുടെ സംയുക്ത ഓപ്പറേഷനിലൂടെയായിരുന്നു ഇതെന്ന് ഭദ്രദ്രി കൊത്താഗുഡം ജില്ലാ എസ് പി സുനിൽ ദത്ത് അറിയിച്ചു.
ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്നും സ്ഥിതിഗതികൾ പൊലീസ് വിലയിരുത്തുകയാണെന്നുമാണ് റിപ്പോർട്ടുകൾ. നക്‌സൽ വിരുദ്ധ സേനയായ തെലങ്കാന ഗ്രേ ഹൗണ്ട്സും നക്സലുകളും തമ്മിലാണ് ഏറ്റുമുട്ടൽ നടന്നതെന്ന് പൊലീസ് അറിയിച്ചു. ഛത്തീസ്‌ഗഡിലെ നരയൻപൂർ ജില്ലയിൽ നിന്നും സ്ഫേടകവസ്തുക്കൾ കണ്ടെടുത്തതിന് പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായത്. ജില്ലയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യം വച്ചായിരുന്നു സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചതെന്നാണ് സൂചന.
കഴിഞ്ഞ കുറച്ചു മാസങ്ങളായി ജില്ലയിലെ കലാപബാധിത പ്രദേശങ്ങളിൽ തിരച്ചിൽ ഊർജിതമാക്കിയിരുന്നുവെന്ന് പൊലീസ് അറിയിച്ചു.