piyush-jain

ലക്‌നൗ: കാൻപൂരിലെ സുഗന്ധദ്രവ്യ വ്യാപാരി പിയൂഷ് ജയ്‌നെ ജി എസ് ടി തട്ടിപ്പ് കേസിൽ അറസ്റ്റ് ചെയ്തു. സി ജി എസ് ടി നിയമത്തിലെ 69ാം വകുപ്പ് പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കേസിൽ അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

ജയ്‌നിന്റെ വീട്ടിലും കമ്പനികളിലും നടത്തിയ 120 മണിക്കൂർ നീണ്ട റെയ്ഡിൽ 250 കോടിയോളം രൂപയായിരുന്നു കണ്ടെടുത്തത്. കാൻപൂർ, കനൗജ് എന്നിവിടങ്ങളിലായിരുന്നു പരിശോധന. ജയ്‌നിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ ഡയറക്ടർ ജനറൽ ഒഫ് ജി എസ് ടി ഇന്റലിജൻസ് പത്ത് കോടി രൂപ പിടിച്ചെടുത്തിരുന്നു.

ഇയാളുടെ ഫാക്ടറിയിൽ നിന്നും കോടികൾ വിലവരുന്ന ചന്ദന ഓയിലും സുഗന്ധദ്രവ്യങ്ങളും കണ്ടെടുത്തു. അധികൃതർ പരിശോധനയ്ക്കെത്തിയപ്പോൾ രക്ഷപ്പെട്ട ഇയാൾ മണിക്കൂറുകൾക്ക് ശേഷം മടങ്ങിയെത്തുകയായിരുന്നു. പരിശോധനയിൽ പിടിച്ചെടുത്ത നോട്ടുകൾ ഏറെ സമയമെടുത്താണ് എണ്ണിത്തീർത്തതെന്ന് സെൻട്രൽ ബോർഡ് ഒഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് ചെയർമാൻ വിവേക് ജോറി പറഞ്ഞു.

ഇല്ലാത്ത കമ്പനികളുടെ പേരിൽ വ്യാജ വിലവിവരപട്ടിക തയ്യാറാക്കി ഇടപാടുകൾ കാണിച്ചാണ് ഇയാൾ നികുതി വെട്ടിച്ചതെന്ന് അധികൃതർ അറിയിച്ചു. നാലു ട്രക്കുകളിലായി ജി എസ് ടി ഒടുക്കാതെ സാധനങ്ങളും കടത്തിയിരുന്നു. ഈ ട്രക്കുകളും പൊലീസ് പിടിച്ചെടുത്തു. ‌ജയ്‌ൻ ഷെൽ കമ്പനികൾ വഴി 3.09 കോടി രൂപയോളം വകമാറ്റിയിരുന്നതായും പൊലീസ് കണ്ടെത്തി. വെസ്റ്റ് ഏഷ്യയിലെ രണ്ടു കമ്പനികൾ അടക്കം ജയ്‌നിന് ആകെ 40 കമ്പനികളാണുള്ളത്. പിയൂഷ് ജയ്നിന് സമാജ്‌വാദി പാർട്ടിയുമായി ബന്ധമുണ്ടെന്ന് ബി ജെ പി ആരോപിച്ചിരുന്നു. എന്നാൽ തങ്ങളുമായി നേരിട്ട് ബന്ധമില്ലെന്നായിരുന്നു പാർട്ടിയുടെ പ്രതികരണം.