
കൊച്ചി: കിഴക്കമ്പലത്ത് പൊലീസിനെതിരെ ഉണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ തൊഴിൽ വകുപ്പ് കിറ്റെക്സ് കമ്പനിയോട് വിശദീകരണം തേടി. കിറ്റെക്സിൽ തൊഴിൽ വകുപ്പ് വിശദമായ പരിശോധന നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇതിനായി തൊഴിൽ വകുപ്പ് കമ്മിഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
റിപ്പോർട്ട് വന്നതിന് ശേഷം വിഷയത്തിൽ പ്രതികരിക്കാമെന്ന് മന്ത്രി വ്യക്തമാക്കി. കിറ്റെക്സ് എം ഡി സാബുവിന്റെ മനസിൽ ഇടതുപക്ഷ വിരുദ്ധ മനോഭാവമാണെന്നും, അതാണ് പുറത്തുവരുന്നതെന്നും അദ്ദേഹം വിമർശിച്ചു.
അതേസമയം, സംഭവത്തിൽ കിറ്റെക്സിന് ഉത്തരവാദിത്തമുണ്ടെന്നും, അന്വേഷണത്തിലൂടെ അത് പുറത്തുവരുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു. കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികളെ ഈ പ്രശ്നത്തിന്റെ പേരിൽ ഒറ്റപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച രാത്രി ക്രിസ്മസ് ആഘോഷത്തിനിടെ കിറ്റെക്സിലെ തൊഴിലാളികൾ തമ്മിൽ തർക്കമുണ്ടാകുകയും, ഇത് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനെ തൊഴിലാളികൾ ആക്രമിച്ചു. ഒരു പൊലീസ് ജീപ്പ് കത്തിക്കുകയും, രണ്ടെണ്ണം ഭാഗികമായി തകർക്കുകയും ചെയ്തിരുന്നു.