
ഇറുകിയ ജീൻസ് അല്ലെങ്കിൽ ഇറുകിയ മറ്റു വസ്ത്രങ്ങൾ ധരിക്കുന്നത് ആരോഗ്യത്തിന് അപകടമാണെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. എന്നാൽ കാഴ്ചയിൽ തടി കുറച്ച് തോന്നിക്കും എന്നതുകൊണ്ടുതന്നെ പലരും ശരീരത്തിന് പാകമല്ലാത്ത വസ്ത്രങ്ങൾ ധരിക്കുന്നു. വയർ കുറച്ചു കാണിക്കുന്നതിനായി ഉള്ളിലേയ്ക്ക് വലിക്കുകയും ചെയ്യുന്നു. എന്നാൽ ഇത് ഗുണത്തെക്കാളേറെ ദോഷമാണ് ഉണ്ടാക്കുക.
വയർ കുറയ്ക്കുന്നതിനായി ഇറുകിയ ജീൻസ് ധരിക്കുന്നതും വയർ ഉള്ളിലേയ്ക്ക് വലിക്കുന്നതും വലിയ രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. കൂടാതെ ശരീരത്തിൽ അസ്വസ്ഥതകൾ ഉണ്ടാക്കുകയും ആന്തരിക അവയവങ്ങളെ വളരെ ദോഷമായി ബാധിക്കുകയും ചെയ്യും.
ശരീരം മെലിഞ്ഞു എന്ന തോന്നൽ ഉണ്ടാക്കും എന്നതുകൊണ്ടാണ് പതിറ്റാണ്ടുകളായി പല ഫിറ്റ്നസ് പരിശീലകരും സെലിബ്രിറ്റികളും ഇറുകിയ വസ്ത്രങ്ങൾ നല്ലതാണെന്ന് അഭിപ്രായപ്പെടുന്നത്. ഇങ്ങനെ വയർ ഉള്ളിലേയ്ക്ക് വലിക്കുമ്പോൾ ഉള്ളിലെ അവയവങ്ങളും മുകളിലേയ്ക്ക് വലിയുന്നു.
നിരവധി സ്ത്രീകളാണ് ശരീരത്തിന് ഒതുക്കം തോന്നിക്കാൻ ഇങ്ങനെ ചെയ്യുന്നത്. സ്വാഭാവികമാണെന്ന് തോന്നിയാലും വളരെക്കാലം തുടർന്നുകൊണ്ട് പോകുന്നത് ശാരീരികമായും മാനസികമായും പ്രത്യാഘാതങ്ങൾ ഉണ്ടാകുന്നതിലേയ്ക്ക് നയിക്കും. വയറിലെ പേശികൾ ഒരുപാടുനാൾ ചുരുങ്ങുകയാണെങ്കിൽ അത് മറ്റ് അവയവങ്ങളെയും ബാധിക്കാൻ തുടങ്ങും.
എന്താണ് അവർഗ്ലാസ് സിൻഡ്രം

വളരെ നാൾ ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നത് ഇടുപ്പിൽ വലിയ രീതിയിലുള്ള മർദ്ദം ഉണ്ടാക്കുന്നതിന് ഇടയാക്കും. ഇത് മൂത്രാശയ സംബന്ധമായ രോഗങ്ങൾക്കും ഇടുപ്പ് ഭാഗത്തെ പ്രശ്നങ്ങൾക്കും ഇടയാക്കും . ശസ്ത്രക്രിയയിലൂടെ മാത്രമേ ഇത് ഭേദമാക്കാൻ കഴിയുകയുള്ളു. ശരീരത്തിന്റെ മദ്ധ്യഭാഗത്തെ എല്ലാ അവയവങ്ങളും മുകളിലേയ്ക്ക് ഉയരുന്നതിനാൽ ശ്വാസകോശത്തിന്റെ പ്രവർത്തനത്തെയും ബാധിക്കും. കൂടാതെ ദീർഘമായ ശ്വാസം എടുക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകുന്നതിനാൽ രക്തത്തിലെ ഓക്സിജന്റെ അളവ് കുറയാനും ഇടയാക്കുന്നു.
ഇത് അസഹനീയമായ പുറം, കഴുത്ത്, തോള്, ഇടുപ്പ് വേദന തുടങ്ങിയവ ഉണ്ടാക്കും. നടക്കുമ്പോഴും നിൽക്കുമ്പോഴും അസഹനീയമായ വയറുവേദന ഉണ്ടാക്കുകയും ശരീരത്തിലെ പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നടക്കാതിരിക്കുന്നതിനും കാരണമാവുന്നു.
അവർഗ്ലാസ് സിൻഡ്രം ശാശ്വതമാണോ
അവർഗ്ലാസ് സിൻഡ്രം എന്ന് വിളിക്കുന്ന ഈ അസുഖം ശാശ്വതമല്ല. എന്നാൽ ശരിയായ ചികിത്സ നൽകിയില്ലെങ്കിൽ ദീർഘകാലാടിസ്ഥാനത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കും.
എങ്ങനെ തടയാം

സ്വന്തം ശരീരത്തോട് എന്താണ് ചെയ്യുന്നത് എന്ന് എപ്പോഴും ബോധവാനായിരിക്കുക. ആവശ്യമില്ലാത്ത സമ്മർദ്ദങ്ങൾ ശരീരത്തിൽ ഏൽപ്പിക്കാതിരിക്കുക.
ഇടുപ്പിൽ മസാജ് ചെയ്യുന്നതിലൂടെയും ശ്വസനത്തിനുള്ള വ്യായാമങ്ങൾ ചെയ്യുന്നതിലൂടെയും ചുരുങ്ങിയ പേശികളെ പഴയ അവസ്ഥയിലേയ്ക്ക് എത്തിക്കാൻ കഴിയും.
ഓരോ ശരീരപ്രകൃതവും വ്യത്യസ്ഥമാണ്. അതിനാൽ യോജിക്കുന്ന വസ്ത്രങ്ങൾ ധരിക്കുകയാണ് ചെയ്യേണ്ടത്. അല്ലാതെ ശരീരത്തിന് പാകമല്ലാത്ത വസ്ത്രങ്ങൾ ധരിക്കുന്നത് ആത്മവിശ്വാസം നശിപ്പിക്കുന്നതിനും അസ്വസ്ഥതകൾ ഉണ്ടാക്കുന്നതിനും കാരണമാകും. സ്വന്തം ശരീരം എങ്ങനെയാണോ അതിനെ മോശമായി കാണാതിരിക്കുക. സ്വന്തം ശരീരത്തിൽ അഭിമാനത്തോടെ മറ്റുള്ളവരുടെ മുന്നിൽ ആത്മവിശ്വാസത്തോടെ നിൽക്കാൻ ശ്രമിക്കുക.