
കൊച്ചി: ഇടപ്പളളി പോണേക്കരയിൽ വൃദ്ധ സഹോദരങ്ങളെ കൊലപ്പെടുത്തിയ കേസിൽ കൊലയാളി റിപ്പർ ജയാനന്ദനാണെന്ന് 17 വർഷത്തിന് ശേഷം കണ്ടെത്തിയിരിക്കുകയാണ് പൊലീസ്. കേസിൽ ഡിസംബർ 24ന് ഇയാളുടെ അറസ്‌റ്റ് രേഖപ്പെടുത്തിയാതായി എഡിജിപി എസ്.ശ്രീജിത്ത് അറിയിച്ചു. എട്ട് കൊലക്കേസിലും 14 മോഷണക്കേസിലും പ്രതിയായ ജയാനന്ദൻ രണ്ട് തവണ ജയിൽ ചാടിയിട്ടുമുണ്ട്. 2010ൽ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നുമായിരുന്നു ആദ്യം. 2013ൽ മറ്റൊരു തടവുകാരനൊപ്പവും തടവ് ചാടിയെങ്കിലും ഇയാൾ പിടിയിലായി.
കൊലയ്‌ക്ക് പ്രചോദനം സിനിമകൾ
2003 സെപ്‌തംബറിൽ തൃശൂരിൽ മാള പൊലീസ് സ്‌റ്റേഷൻ പരിധിയിൽ നടത്തിയ കൊലയാണ് ജയാനന്ദന്റെതായി തെളിഞ്ഞ ആദ്യ കേസ്. സിനിമകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ജയാനന്ദൻ പല കൊലയും നടത്തിയത്. പഞ്ഞിക്കാരൻ ജോസ് എന്നയാളുടെ വീട്ടിലെത്തിയ ജയാനന്ദൻ മോഷണത്തിനായി ഇയാളെ കൊലപ്പെടുത്തി. ഇരുമ്പ്പാര ഉപയോഗിച്ച് തലയ്‌ക്കടിച്ചാണ് ജോസിനെ ഇയാൾ കൊലപ്പെടുത്തിയ്. പിന്നീട് പൊലീസ് കേസന്വേഷിച്ചെങ്കിലും വേണ്ട തെളിവുകൾ ലഭിച്ചില്ല.
ഇക്കാലയളവിൽ സ്ഥലത്തെ പല മോഷണക്കേസുകൾക്ക് പിന്നിലും ജയാനന്ദനായിരുന്നു. എട്ടാം ക്ളാസ് വരെ മാത്രം പഠിച്ച ജയാനന്ദൻ സിനിമകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് തെളിവുകൾ ഇല്ലാതാക്കിയിരുന്നത്. കൈയിൽ സോക്‌സ് ധരിച്ചും, മണ്ണെണ്ണ സ്പ്രേചെയ്‌തും ഗ്യാസ് തുറന്നുവിട്ടും തെളിവ് നശിപ്പിക്കും. 2004 മാർച്ചിൽ മാളയിൽ പളളിപ്പുറത്ത് കളത്തിപ്പറമ്പിൽ നബീസ(51) മരുമകൾ ഫൗസിയ(23) എന്നിവരെ കൊലപ്പെടുത്തി. ഇതും ഇരകളുടെ തലയിൽ പാരകൊണ്ടടിച്ചായിരുന്നു. നബീസയുടെ മറ്റൊരു മരുമകൾ നൂർജഹാൻ അന്ന് ആക്രമിക്കപ്പെട്ടെങ്കിലും മരിച്ചില്ല. 32 പവനാണ് അന്ന് ജയാനന്ദൻ കട്ടത്. ആഭരണങ്ങളണിഞ്ഞ സ്‌ത്രീകളായിരുന്നു തുടർന്ന് ജയാനന്ദന്റെ ആക്രമണത്തിനിരയായ പലരും.
പൊലീസിന് സൂചന ലഭിക്കുന്നത് 2006ൽ
2006 ഒക്‌ടോബറിൽ പുത്തൻവേലിക്കര നെടുമ്പിളളി രാമകൃഷ്‌ണന്റെ ഭാര്യ ബേബി(51)യെ കൊലപ്പെടുത്തിയതോടെയാണ് അതുവരെ പൊലീസിന് അജ്‌ഞാതനായിരുന്ന ജയാനന്ദൻ ആദ്യമായി പൊലീസിന്റെ ശ്രദ്ധയിൽ വരുന്നത്. ഇതിനിടെ പ്രധാനപ്പെട്ട മൂന്ന് കൊല ജയാനന്ദൻ നടത്തിയിരുന്നു. 2004 ഒക്‌ടോബറിൽ കളപ്പുര സഹദേവൻ, ഭാര്യ നിർമ്മല എന്നിവരെ കൊലപ്പെടുത്തിയതായിരുന്നു ആദ്യത്തേത്. ഇരട്ട കൊലക്ക് ശേഷം 11 പവനും ഇയാൾ കവർന്നു.
2005മേയിൽ മോഷണ ശബ്ദം കേട്ട് ഉണർന്ന ഏലിക്കുട്ടി എന്ന വൃദ്ധയെ ജയാനന്ദൻ കൊലപ്പെടുത്തി. ഒന്നാം തീയതി ബിവറേജസ് അവധിയായതിനാൽ പണമുണ്ടെന്ന് മനസിലാക്കി ജയാനന്ദൻ ബീവറേജസ് ജീവനക്കാരനായ സുഭാഷിനെ കൊലപ്പെടുത്തി. ഇവിടെ നിന്നും മോഷണം നടത്താൻ എന്നാൽ ഇയാൾക്ക് സാധിച്ചില്ല. ഈ കേസുകളിലൊന്നും സിബിഐ അടക്കം അന്വേഷിച്ചിട്ടും ജയാനന്ദനെ കണ്ടെത്താനായില്ല. എന്നാൽ പുത്തൻവേലിക്കര കൊലപാതകത്തിൽ ജയാനന്ദൻ പിടിക്കപ്പെടുകയും വധശിക്ഷയ്‌ക്ക് വിധിക്കപ്പെടുകയും ചെയ്‌തു.
തുരുത്തിപ്പുറം ഷിബു എന്നയാളെ പുത്തൻവേലിക്കര കൊലക്കേസിൽ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. അന്വേഷണത്തിൽ ഇയാൾക്ക് കൊലയിൽ പങ്കില്ലെന്ന് തെളിഞ്ഞു. എന്നാൽ ഇയാൾ പുറത്തുവിട്ട ചില പേരുകൾ വഴി കൃഷ്‌ണൻകോട്ടയിൽ തമ്പി എന്ന പലകേസിലും പ്രതിയായ ഒരാളെക്കുറിച്ച് വിവരം ലഭിച്ചു. ഇയാളിൽ നിന്നും അന്നത്തെ പറവൂർ സി.ഐ ആർ.കെ കൃഷ്‌ണകുമാറിനും സംഘത്തിനും ജയാനന്ദനെ കുറിച്ച് അറിവ് കിട്ടി. ഇയാളെ ചോദ്യം ചെയ്‌തതിലൂടെ ഒന്നിന് പിറകെ മറ്റൊന്നായി കേസുകളിൽ തെളിവുകൾ ലഭിച്ചു.
കണ്ണൂർ സെൻട്രൽ ജയിലിലും പൂജപ്പുര സെൻട്രൽ ജയിലിലും കഴിയവെ തടവുചാടാൻ ശ്രമിച്ച ജയാനന്ദൻ പിന്നീട് പിടിയിലായി. ഇപ്പോൾ കനത്ത സുരക്ഷയിൽ ജയിലിലുളള ജയാനന്ദൻ സുഹൃത്തിനോട് വെളിപ്പെടുത്തിയ വിവരങ്ങളാണ് പോണേക്കര കേസിൽ തെളിവായത്.