honeymoon

വിവാഹശേഷം ഹണിമൂണിന് പോകണമെന്നാഗ്രഹിക്കാത്ത ഏത് നവദമ്പതിമാരാണുള്ളത്. മധുവിധുകാലം മനോഹരമാക്കാനും യാത്രയുടെ മാധുര്യം നുകരാനും മിക്കവരും പലപ്പോഴും തിരഞ്ഞെടുക്കുക ബംഗളൂരൂ, ഗോവ തുടങ്ങിയ സ്ഥലങ്ങളോ അല്ലെങ്കിൽ വിദേശരാജ്യങ്ങളോ ഒക്കെയായിരിക്കും. സ്വന്തം നാട്ടിലെ ഹണിമൂൺ ഡെസ്റ്റിനേഷനുകൾ അറിയാത്തവരാണ് മിക്ക മലയാളികളും. അത്തരം ചില റൊമാന്റിക് സ്പോട്ടുകൾ പരിചയപ്പെടാം. അടുത്ത യാത്ര അങ്ങോട്ടേയ്ക്ക് തന്നെയായാലോ?

കോവളം

kovalam

തിരുവനന്തപുരം ജില്ലയിലെ സുന്ദര തീരമാണ് കോവളം. പ്രണയം തുളുമ്പുന്ന തിരമാലകളും തീരവും തന്നെയാണ് ഇവിടം ഏറ്റവും മനോഹരമാക്കുന്നത്. ഇന്തോനേഷ്യൻ വാസ്തു ശില്പരീതിയിൽ പണിത കോട്ടേജുകളും ഇവിടത്തെ സുന്ദരകാഴ്ചകളിൽ ഒന്നാണ്. അസ്തമയ സൂര്യന്റെ ചുവപ്പിൽ അലിഞ്ഞു ചേർന്ന് ചുവപ്പണിഞ്ഞ തീരത്ത് പാർട്ട്ണറുമൊത്ത് സായാഹ്നം ആസ്വദിക്കാം. ഇത് തന്നെയാണ് കോവളത്തിനെ സവിശേഷ കാഴ്ചയും. ഈ സമയമാണ് ഇവിടെ കൂടുതൽ പേരും എത്തിച്ചേരുന്നതും. സൂര്യൻ അറബിക്കടലിലേയ്ക്ക് താഴ്ന്നുതുടങ്ങിയാൽ തീരം മെല്ല അലങ്കാര ബൾബുകളുടെ പ്രഭയിൽ മുങ്ങാൻ ആരംഭിക്കും. റിസോർട്ടുകളിൽ കാൻഡിൽ ലൈറ്റ് ഡിന്നറും പാട്ടും നൃത്തവുമൊക്ക ആസ്വദിക്കാം. മൂന്ന് ബീച്ചുകളാണ് കോവളത്തുള്ളത്. ലൈറ്റ് ഹൗസ് ബീച്ച്, ഹൗവ്വാ ബീച്ച്, അശോകാ ബീച്ച്. കേരളത്തിലെ ഏറ്റവും ആകർഷകമായ കാഴ്ചകളിലൊന്നായ ലൈറ്റ് ഹൗസിന് സമീപമാണ് ലൈറ്റ് ഹൗസ് ബീച്ച്. സൺ ബാത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ഹൗവ്വാ ബീച്ച്. ആയുർവേദ മസാജിംഗും സുഖചികിത്സയുമെല്ലാം കോവളത്ത് ലഭ്യമാണ്.

kovalam

വൈത്തിരി

vythiri

കേരളത്തിലെ സ്വർഗമായ വയനാടിന്റെ കവാടമാണ് വൈത്തിരി. കേരളത്തിലെ പ്രശസ്തമായ ഹണിമൂൺ ഡെസ്റ്റിനേഷനിൽ എത്തുന്ന വിദേശികളും കുറവല്ല. തണുപ്പും ഭൂപ്രകൃതിയും കോടമഞ്ഞും ഇവിടം കൂടുതൽ പ്രണയഭരിതമാക്കുന്നു. സമുദ്രനിരപ്പിൽ നിന്നും 700 മീറ്റർ ഉയരത്തിലായാണ് വൈത്തിരി സ്ഥിതി ചെയ്യുന്നത്. വൈത്തിരി താലൂക്കിലെ ലക്കിടിയിലാണ് പ്രശ്തമായ ചങ്ങലമരം. വൈത്തിരിയിൽ നിന്നും എട്ട് കിലോമീറ്റർ ദൂരത്തുള്ള കർലാട് തടാകത്തിൽ പാർട്ട്ണറുമൊത്ത് ബോട്ടിംഗ് ആസ്വദിക്കാം.പൂക്കോട് തടാകവും വൈത്തിരിയുടെ സമീപ പ്രദേശത്താണ്. വൈത്തിരി, ചുരം കയറി വയനാട്ടിലേയ്ക്കെത്തുന്ന സഞ്ചാരികളുടെ മനം നിറയ്ക്കുമെന്നുറപ്പാണ്. ഇവിടെ നിന്നും 26 കിലോമീറ്റർ അപ്പുറമാണ് പ്രശസ്തമായ ബാണാസുരസാഗ‌ർ അണക്കെട്ട്. ഇന്ത്യയിലെ മണ്ണുകൊണ്ടുള്ള ഏറ്റവും വലിയ അണക്കെട്ടെന്ന പ്രത്യേകതയും ബാണാസുരസാഗറിനുണ്ട്.

vythiri

പൂവാർ

poovar

കേരളത്തിന്റെ ഏറ്റവും അറ്റത്തുള്ള തീരമാണ് പൂവാർ. വീഴിഞ്ഞത്തിനടുത്താണ് പൂവാർ സ്ഥിതി ചെയ്യുന്നത്. നെയ്യാർ നദി കടലിൽ ചേരുന്ന ഭാഗം കൂടിയാണ് ഇവിടം. ഇന്ത്യയിലെ ആദ്യകാല മുസ്ലിം കുടിയേറ്റ പ്രദേശമാണ് പൂവാർ. മനോഹരമായ റിസോർട്ടുകളിൽ തങ്ങി അസ്തമയ കാഴ്ചകൾ ആസ്വദിക്കാം.

മാരാരിക്കുളം

mararikulam-

ആലപ്പുഴയിലെ മാരാരി ബീച്ച് പ്രണയിനികളുടെ പ്രിയ ഡെസ്റ്റിനേഷനാണ്. നാട്ടിൽ പുറത്തെ ശുദ്ധമായ സൗന്ദര്യം തുളുമ്പുന്ന നാട്ടുവഴികൾ കടന്നാണ് തീരത്തേക്കെത്തുന്നത്. സർഫിംഗ്, വാട്ടർ സ്കീയിംഗ് തുടങ്ങിയവയും പങ്കാളിയുമൊത്ത് ആസ്വദിക്കാം.

നെല്ലിയാമ്പതി

nelliyampathy

മഞ്ഞുപുതച്ച തേയിലത്തോട്ടങ്ങൾക്കും കാപ്പിത്തോട്ടങ്ങൾക്കും ഇടയിലൂടെ പങ്കാളിയുടെ കൈകൾ കോർത്ത് നടക്കാം. പാലക്കാട് നിന്ന് 60 കിലോമീറ്റർ അകലെയാണ് നെല്ലിയാമ്പതി. താഴ്വാരത്തായി പോത്തുണ്ടി ഡാം ഉണ്ട്. സീതാർകുണ്ട് വെള്ളച്ചാട്ടം, മാൻപാറ, കേശവൻ പാറ, കാരപ്പാറ ഡാം, വിക്ടോറിയ ചർച്ച് കുന്ന് എന്നിവയും ഇവിടത്തെ മനോഹര കാഴ്ചകളാണ്.

nelliyampathy