aap

ചണ്ഡിഗഡ്: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ ഭരണകക്ഷിയായ കോൺഗ്രസിനും ബിജെപിയ്‌ക്കും കനത്ത തിരിച്ചടിയായി തദ്ദേശ തിരഞ്ഞെടുപ്പ് ഫലം. ചണ്ഡിഗഡ് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ആദ്യമായി പഞ്ചാബിൽ മത്സരിക്കാനെത്തിയ ആംആദ്‌മി പാർട്ടിയ്‌ക്ക് ശക്തമായ മുന്നേറ്റം. 35 സീറ്റുകളിൽ 14 എണ്ണത്തിൽ വിജയിച്ചാണ് ആംആദ്‌മി പാർട്ടി തങ്ങളുടെ വരവറിയിച്ചത്. 20 സീറ്റുകളിൽ വിജയിച്ച് ഭരണം സ്വന്തമാക്കിയിരുന്ന ബിജെപിയ്‌ക്ക് ഇത്തവണ വെറും 12 സീ‌റ്റുകൾ മാത്രമാണ് വിജയിക്കാനായത്. കോൺഗ്രസ് എട്ട് സീ‌റ്റുകളും അകാലിദൾ ഒരു സീ‌റ്റും നേടി.

മുൻപ് ആകെ 26 സീറ്റുകളാണ് ചണ്ഡിഗഡ് മുനിസിപ്പൽ കോർപറേഷനിലുണ്ടായിരുന്നത്. ഇതിൽ 20 സീറ്റുകൾ വിജയിച്ചിരുന്ന ബിജെപിയ്‌ക്ക് ഇത്തവണ എട്ട് സീറ്റുകളാണ് നഷ്‌ടമായത്. ഒൻപതോളം സീ‌റ്റുകൾ കൂട്ടിച്ചേർത്ത ശേഷമാണ് ഇത്തവണ തിരഞ്ഞെടുപ്പ് നടത്തിയത്.

'ചണ്ഡിഗഡ് മുനിസിപ്പൽ കോർപറേഷനിലെ ആംആ‌ദ്മി പാർട്ടിയുടെ വിജയം പഞ്ചാബിലെ ആസന്നമായ മാറ്റത്തെയാണ് കുറിക്കുന്നത്.ജനങ്ങൾ അഴിമതി രാഷ്‌ട്രീയത്തെ തള‌ളി ആം ആദ്‌മിയെ തിരഞ്ഞെടുത്തു. പഞ്ചാബ് മാറ്റത്തിന് തയ്യാറാണ്.' ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജിരിവാൾ പാർട്ടിയുടെ വിജയത്തിൽ ട്വി‌റ്ററിലൂടെ സന്തോഷം പങ്കുവച്ചു.

ചണ്ഡിഗഡ് മേയർ രവി കാന്ത് ശർമ്മ, മുൻമേയ‌ർ ദേവേഷ് മുദ്‌ഗിൽ എന്നിവർ പരാജയപ്പെട്ടു. ബിജെപിയുടെ ശക്തരായ നേതാക്കളാണ് ഇവർ. മുൻകാലങ്ങളിൽ കോൺഗ്രസും ബിജെപിയും തമ്മിലെ മത്സരമായിരുന്നു ചണ്ഡിഗഡ് മുനിസിപ്പാലി‌റ്റിയിൽ നടന്നിരുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ 70 ശതമാനം വോട്ട് നേടിയ ബിജെപിക്ക് ഇത്തവണ കനത്ത വോട്ട്ചോർച്ചയാണ്. 43 ശതമാനം വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ആംആദ്‌മി പാർട്ടിക്ക് 40 ശതമാനവും കോൺഗ്രസിന് 23 ശതമാനം വോട്ടും ലഭിച്ചു.