
കോഴിക്കോട്: നെടുമ്പാശേരി വിമാനത്താവളത്തിന് മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ പേര് നൽകാത്തത് യുഡിഎഫ് സർക്കാരിന്റെ വീഴ്ചയെന്ന് കെ മുരളീധരൻ എംപി. കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കെ. കരുണാകരൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുരളീധരൻ.
2011 ലെ യുഡിഎഫ് സർക്കാരും അന്ന് രാജ്യം ഭരിച്ചിരുന്ന കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരും വിമാനത്താവളത്തിന് കെ കരുണാകരന്റെ പേര് നൽകാനുള്ള നടപടികൾ സ്വീകരിച്ചില്ല. തക്കസമയത്ത് വേണ്ടത് ചെയ്യാതെ അനുസ്മണ പരിപാടികളിൽ വിലപിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കെ - റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകുന്ന സിപിഎമ്മിനെ പരിഹസിച്ച മുരളീധരൻ പത്ത് വർഷം കാലാവധിയുള്ള പദ്ധതി പൂർത്തിയാവുമ്പോഴേക്കും കേരളത്തിൽ സിപിഎം ജീവിച്ചിരിക്കുമോ എന്ന് തീർച്ചയില്ലെന്നും പറഞ്ഞു. സ്വന്തം പൊലീസിന് സംരക്ഷണം കൊടുക്കാൻ കഴിയാത്ത പിണറായിയാണ് കെ. റെയിൽ വിരുദ്ധ സമരക്കാരെ കൈയേറ്റം ചെയ്യുമെന്ന് പറഞ്ഞുനടക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.