maoists-killed

റായ്പൂര്‍: തെലങ്കാന-ഛത്തീസ്ഗഢ് അതിർത്തിയിൽ ഇന്നലെ പുലർച്ചെ സുരക്ഷാസേനയുമായി നടന്ന ഏറ്റുമുട്ടലിൽ നാലു സ്ത്രീകൾ ഉൾപ്പെടെ ആറു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. തെലങ്കാന -ഛത്തീസ്ഗഢ് പൊലീസിന്റെയും സി.ആർ.പി.എഫിന്റെയും സംയുക്ത നടപടിയിലാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതെന്ന് തെലങ്കാനയിലെ ഭദ്രാദ്രി കോഠാഗൂഡം ജില്ലാ പൊലീസ് സൂപ്രണ്ട് സുനിൽ ദത്ത് പറഞ്ഞു. മാവോയിസ്റ്റുകൾ സുരക്ഷാസേനയെ ആക്രമിക്കാൻ പദ്ധതിയിടുന്നതായി സൂചന ലഭിച്ചിരുന്നെന്നും ഇതേത്തുടർന്ന് തെരച്ചിൽ നടത്തുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഛത്തീസ്ഗഢുമായി അതിർത്തി പങ്കിടുന്ന ജില്ലയാണ് ഭദ്രാദ്രി കോഠാഗൂഡം. ഛത്തീസ്ഗഢിലെ സുക്മ ജില്ലയിലെ ദക്ഷിണ ബസ്തറില്‍, കിഷ്തരം പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് ഏറ്റുമുട്ടൽ നടന്നത്.