
പാലക്കാട്: അമൃത് പദ്ധതിയുടെ ഡിജിറ്റൽ മാസ്‌റ്റർ പ്ലാൻ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പാലക്കാട് നഗരസഭയിൽ ഭരണ പ്രതിപക്ഷ ബഹളം. മാസ്‌റ്റർ പ്ളാൻ ബിജെപി മാസ്‌റ്റർ പ്ളാനായെന്ന് കോൺഗ്രസ് ആരോപിച്ചു. മാസ്‌റ്റർ പ്ളാൻ നടത്തിപ്പുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യാനായിരുന്നു യോഗം ചേർന്നത്. ഓരോ തവണ ഉദ്യോഗസ്ഥൻ എഴുന്നേറ്റപ്പോഴും സംഘർഷമുണ്ടായി. ഇതിനിടെ ടൗൺ പ്ളാൻ ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്യാനും ശ്രമമുണ്ടായി.
മുൻപുണ്ടായിരുന്ന കൗൺസിലിൽ മാസ്‌റ്റർ പ്ളാനുണ്ടായിരുന്നെന്നും അതെവിടെയെന്നും ചോദിച്ച് പ്രതിപക്ഷം ബഹളമുണ്ടാക്കി. ഇതിന് മറുപടി നൽകാതെ മാസ്‌റ്റർ പ്ളാൻ വിദഗ്ദ്ധ സമിതി അംഗങ്ങളായി ഡോ.ഇ. ശ്രീധരനെയും ഡോ. മാലിനി കൃഷ്‌ണൻകുട്ടിയെയും നിർദ്ദേശിച്ചു. രണ്ട് തവണ ബഹളമുണ്ടായതോടെ കൗൺസിൽ യോഗം നിർത്തി. പിന്നീട് നഗരസഭാദ്ധ്യക്ഷ വിളിച്ചുചേർത്ത പ്രതിപക്ഷ കക്ഷികളുടെ യോഗത്തിൽ ഇതുസംബന്ധിച്ച് ധാരണയായി. ഇതോടെ സംഘർഷം ഒഴിഞ്ഞു.