curfew

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വ്യാഴാഴ്‌ച മുതൽ ഞായറാഴ്‌ച വരെ രാത്രികാല നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ. ഡിസംബർ 30 മുതൽ ജനുവരി 2 വരെയാണിത്. രാത്രി 10 മുതൽ രാവിലെ അഞ്ച് വരെയാണ് നിയന്ത്രണം. ഈ സമയങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കണം. അനാവശ്യ യാത്രകളും പാടില്ലെന്ന് നിർദ്ദേശമുണ്ട്. പുതുവർഷാഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് ശക്തമായ നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് ഈ തീരുമാനം. കടകൾ രാത്രിയിൽ 10 മണിയ്‌ക്ക് അടയ്‌ക്കണമെന്നും നിർദ്ദേശമുണ്ട്.

നിലവിൽ കേന്ദ്ര നിർദ്ദേശപ്രകാരം വിവിധ സംസ്ഥാനങ്ങൾ രാത്രികാല യാത്രാ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. യു.പിയിൽ ഡിസംബർ 25 മുതൽ രാത്രി 11 മുതൽ പുലർച്ചെ അഞ്ച് വരെ രാത്രികാല നിരോധനമുണ്ട്. ഗുജറാത്തിൽ എട്ട് നഗരങ്ങളിൽ രാത്രികാല നിരോധനം നിലവിൽ വന്നു. ഡിസംബർ 28 മുതൽ 10 ദിവസത്തേക്ക് കർണാടകയും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രി 10 മുതൽ അഞ്ച് വരെയാണ് നിയന്ത്രണം. സംസ്ഥാനങ്ങളിൽ പുതുവർഷ ആഘോഷങ്ങൾക്കും നിയന്ത്രണമുണ്ട്.