ashes

രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ളണ്ട് 31/4,51 റൺസ് പിന്നിൽ

മെൽബൺ : ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിലും ബാറ്റിംഗ് തകർച്ചയെ അഭിമുഖീകരിക്കുന്ന ഇംഗ്ളണ്ടിനെ പരമ്പര നഷ്ടം തുറിച്ചു നോക്കുന്നു. ആദ്യ രണ്ട് ടെസ്റ്റുകളിൽ തോറ്റിരുന്ന ഇംഗ്ളണ്ട് മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ 185 റൺസിന് ആൾഒൗട്ടായിരുന്നു. തുടർന്ന് ആസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് 267ൽ അവസാനിപ്പിക്കാനായെങ്കിലും രണ്ടാം ദിവസമായ ഇന്നലെ രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇംഗ്ളണ്ടിന് 31 റൺസ് എടുക്കുന്നതിനിടെ നാലുവിക്കറ്റുകൾ നഷ്ടമായിക്കഴിഞ്ഞു.ഇന്നിംഗ്സ് തോൽവി ഒഴിവാക്കാൻ ഇനി 51 റൺസ് കൂടി ഇംഗ്ളണ്ടിന് നേടേണ്ടതുണ്ട്.

ഇന്നലെ ഒരു വിക്കറ്റ് നഷ്‌ത്തിൽ 61 റൺസ് എന്ന സ്കോറിൽ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിക്കാനിറങ്ങിയ ആസ്ട്രേലിയയ്ക്ക് വേണ്ടി 76 റൺസ് നേടിയ ഓപ്പണർ മാർക്കസ് ഹാരിസ് ടോപ് സ്കോററായി. ഡേവിഡ് വാർണർ(38),ട്രാവിസ് ഹെഡ്(27),കാമറൂൺ ഗ്രീൻ(17),അലക്സ് കാരേ(19),ക്യാപ്ടൻ കമ്മിൻസ്(21), പേസർ മിച്ചൽസ്റ്റാർക്ക് (24*) എന്നിവരും കൂടി നടത്തിയ പോരാട്ടമാണ് ആതിഥേയർക്ക് 82 റൺസിന്റെ ലീഡ് നേടിക്കൊടുത്തത്.

ഇംഗ്ളണ്ടിന് വേണ്ടി പേസർ ജെയിംസ് ആൻഡേഴ്സൺ 33 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തി. ഒല്ലീ റോബിൻസൺ,മാർക്ക് വുഡ് എന്നിവർ രണ്ട് വിക്കറ്റ് വീതവും ബെൻ സ്റ്റോക്സ്,ജാക്ക് ലീച്ച് എന്നിവർ ഒരു വിക്കറ്റ് വീതവും സ്വന്തമാക്കി.

രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇംഗ്ളണ്ടിന് ഹസീബ് ഹമീദ് (7), സാക്ക് ക്രാവ്‌ലി (9),ഡേവിഡ് മലാൻ(0),ജാക്ക് ലീച്ച് (0) എന്നിവരുടെ വിക്കറ്റുകളാണ് നഷ്‌ടമായത്.ഹസീബ്,ലീച്ച് എന്നിവരുടെ വിക്കറ്റുകൾ അരങ്ങേറ്റക്കാരൻ ബോളണ്ടാണ് വീഴ്ത്തിയത്. ക്രാവ്‌ലിയെയും മലാനെയും സ്റ്റാർക്ക് മടക്കി അയച്ചു. സ്റ്റംപെടുക്കുമ്പോൾ നായകൻ ജോ റൂട്ടും(12) ആൾറൗണ്ടർ ബെൻ സ്റ്റോക്സുമാണ് (2) ക്രീസിൽ.