cricket

സെഞ്ചൂറിയൻ : ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ കനത്ത മഴമൂലം ഒറ്റപ്പന്തുപോലും എറിയാനായില്ല.ഇടവിട്ടു പെയ്ത മഴയും പിച്ചിലെ ഈർപ്പവും മൂലം ആദ്യ സെഷനിൽ ഒരു പന്തു പോലും എറിയാനായില്ല. മഴ തുടർന്നതോടെ അമ്പയർമാരുടെ തീരുമാനപ്രകാരം ഇരു ടീമുകളും നേരത്തേ ഉച്ചഭക്ഷണത്തിനു പിരിഞ്ഞു. ഉച്ചഭക്ഷണത്തിനു ശേഷം അൽപനേരത്തേക്ക് കാലാവസ്ഥ തെളിഞ്ഞതോടെ അമ്പയർമാർ പിച്ചിലെ കവർ നീക്കാൻ നിർദേശം നൽകിയെങ്കിലും അന്തരീക്ഷം വീണ്ടും ഇരുണ്ടു. ഉച്ചകഴിഞ്ഞും മഴ തുടർന്നതോടെ രണ്ടാം ദിവസത്തെ കളി അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

ആദ്യ ദിനം ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 272 റൺസിലെത്തിയിരുന്നു.

സെഞ്ച്വറി നേടിയ ഓപ്പണർ കെ.എൽ രാഹുലും(122*) 40 റൺസുമായി അജിങ്ക്യ രഹാനെയുമാണ് ക്രീസിലുള്ളത്.

അർദ്ധ സെഞ്ച്വറി നേടിയ മായാങ്ക് അഗർവാൾ(60),ചേതേശ്വർ പുജാര(0),നായകൻ വിരാട് കൊഹ്‌ലി (35) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായിരുന്നത്.

ഇന്ത്യയുടെ മൂന്നുവിക്കറ്റുകളും സ്വന്തമാക്കിയത് പേസർ ലുംഗി എൻഗിഡിയാണ്.

രാഹുലിന് അഭിനന്ദന വർഷം

സെഞ്ചൂറിയനിൽ സെഞ്ച്വറി നേടിയ ഇന്ത്യൻ ഓപ്പണർ കെ.എൽ രാഹുലിന് അഭിനന്ദനവുമായി മുൻ കാല പ്രതിഭകൾ. വിദേശമണ്ണിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണറാകാൻ രാഹുലിന് കഴിയുമെന്ന് വസിം ജാഫർ,ആകാശ് ചോപ്ര എന്നിവർ അഭിപ്രായപ്പെട്ടു.

തന്റെ ടെസ്റ്റ് കരിയറിലെ ഏഴാമത്തെ സെഞ്ചുറിയും ഈ വർഷത്തെ രണ്ടാമത്തെ സെഞ്ചുറിയുമാണ് സെഞ്ചൂറിയനിൽ രാഹുൽ സ്വന്തമാക്കിയത്.

വസീം ജാഫറിന് ശേഷം ദക്ഷിണാഫ്രിക്കൻ മണ്ണിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ ഓപ്പണറെന്ന നേട്ടവും രാഹുലിന് സ്വന്തമായി.

2007-ൽ 116 റൺസെടുത്ത ജാഫറിന് ശേഷം 14 വർഷം കഴിഞ്ഞാണ് ഒരു ഇന്ത്യൻ ഓപ്പണർക്ക് ദക്ഷിണാഫ്രിക്കൻ മണ്ണിൽ സെഞ്ച്വറി നേടാൻ സാധിക്കുന്നത്.

ആസ്ട്രേലിയ (1), ഇംഗ്ലണ്ട് (2), ദക്ഷിണാഫ്രിക്ക (1), ശ്രീലങ്ക (1), വെസ്റ്റിൻഡീസ് (1) എന്നിവിടങ്ങളിൽ രാഹുലിന് ഇപ്പോൾ ടെസ്റ്റ് സെഞ്ച്വറികളുണ്ട്.

2007 ജനുവരിയിൽ കേപ്ടൗണിലെ ന്യൂലാൻഡ്സ് സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ടെസ്റ്റിൽ 116 റൺസ് നേടിയ വസീം ജാഫർ ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ ഓപ്പണറായിരുന്നു. മുരളി വിജയ് (97), ഗൗതം ഗംഭീർ (93) എന്നിവർ ജാഫറിനു ശേഷം ഈ നേട്ടത്തിന് അടുത്തെത്തിയിരുന്നു. 2018-ലെ പര്യടനത്തിൽ 10 റൺസകലെ രാഹുലിനും ഈ നേട്ടം നഷ്ടമായിരുന്നു.