
ആലപ്പുഴ : എസ്.ഡി.പി.ഐ നേതാവ് ഷാൻ വധക്കേസിൽ ആർ.എസ്.എസ് ജില്ലാ പ്രചാരകൻ അറസ്റ്റിൽ. മലപ്പുറം സ്വദേശി അനീഷാണ് അറസ്റ്റിലായത്. ആലുവ ജില്ലാ പ്രചാരകനാണ് അനീഷ്. ഷാനിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ ആർ.എസ്.എസ് നേതാക്കൾക്ക് ആലുവ കാര്യാലയത്തിൽ ഒളിത്താവളമൊരുക്കിയതിനാണ് ജില്ലാ പ്രചാരകനെ അറസ്റ്റ് ചെയ്തത്.
ഇതോടെ ഷാൻ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 15 ആയി. ഷാന്റെ കൊലപാതകം ആസൂത്രിതമാണെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത് .ചേർത്തലയിലെ ആർ.എസ്.എസ് പ്രവർത്തകൻ നന്ദുവിൻ്റെ കൊലയ്ക്ക് പിന്നാലെയാണ് ആസൂത്രണം തുടങ്ങിയത്. ആർഎസ്എസ് കാര്യാലയത്തിൽ വെച്ച് രഹസ്യ യോഗങ്ങൾ ചേർന്നു. രണ്ട് സംഘമായി എത്തി ഷാനിനെ കൊലപ്പെടുത്തി. അതിനുശേഷം കൊലയാളി സംഘത്തെ തൃശൂരിലേക്ക് രക്ഷപെടാൻ സഹായിച്ചത് ആർഎസ്എസ് നേതാക്കൾ ആണെന്നും റിമാൻഡ് റിപ്പോർട്ട് പറയുന്നു.
കൊലയാളി സംഘത്തിന് ഷാനെ കാണിച്ചുകൊടുത്ത മണ്ണഞ്ചേരി സ്വദേശികളായ പ്രണവ്, ശ്രീരാജ് എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇനി ഗൂഢാലോചനയിൽ ഉൾപ്പെട്ടവർ കൂടി പിടിയിലാകാനുണ്ട്.
അതേസമയം ബി.ജെ.പി നേതാവ് രൺജിത്തിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണത്തിൽ പുരോഗതിയില്ല. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആലപ്പുഴ വെള്ളക്കിണർ സ്വദേശിയായ എസ്‍.ഡി.പി.ഐ പ്രവർത്തകനെ ബംഗളൂരുവിൽ നിന്ന് പിടികൂടിയിട്ടുണ്ടെന്നാണ് സൂചന.